ജനങ്ങളുടെ നികുതി കൊണ്ട് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കേണ്ടതില്ല, എന്‍ഡോസള്‍ഫാനില്‍ എഴുത്തുകാര്‍ നിശബ്ദം : ലീലാവതി
Kerala
ജനങ്ങളുടെ നികുതി കൊണ്ട് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കേണ്ടതില്ല, എന്‍ഡോസള്‍ഫാനില്‍ എഴുത്തുകാര്‍ നിശബ്ദം : ലീലാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2017, 8:08 am

leelavathi
കാലടി: ജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് പ്രശസ്ത സാഹിത്യകാരിയായ എം.ലീലാവതി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എഴുത്തുകാരെ ആദരിക്കാന്‍ ഫലകമോ പ്രശസ്തി പത്രമോ മതിയാകും. പണം നല്‍കേണ്ടതില്ല. എഴുത്തുകാര്‍ക്ക് ശരിയായ അംഗീകാരം ലഭിക്കുന്നത് കൃതികള്‍ വായിക്കപ്പെടുമ്പോഴാണ്. ലീലാവതി പറഞ്ഞു. അതേസമയം, സ്വകാര്യ സ്ഥാപനങ്ങള്‍ അവാര്‍ഡായി പണം നല്‍കുന്നതില്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു.

അവാര്‍ഡുകളും അംഗീകാരങ്ങളും തന്റെ ചിന്തയിലില്ല എന്ന് അഭിപ്രായപ്പെട്ട ലീലാവതി താന്‍ അവാര്‍ഡുകള്‍ സ്വീകരിക്കുന്നത് അത് നല്‍കുന്നവരോടുള്ള ആദരവ് മൂലമാണെന്ന് വ്യക്തമാക്കി. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ആളുകള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗിക്കുകയാണ് പതിവെന്നും അവര്‍ പറഞ്ഞു.

സൈലന്റിവാലി പദ്ധതിക്കെതിരെ ഉണ്ടായത് പോലെ ഇടപെടേണ്ട പ്രശ്‌നമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമെന്നും എന്നാല്‍ ഇതിനെതിരെ എഴുത്തുകാരുടെ സേന ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ എഴുത്തകാര്‍ ലജ്ജിക്കണം. അങ്ങനെയൊരു കുറ്റം ചെയ്തതെന്ന ദുഖം പോലും എഴുത്തുകാര്‍ക്കില്ലെന്നും ലീലാവതി അഭിപ്രായപ്പെട്ടു.