ഒരു ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കാന്‍ കഴിയുകയെന്നത് ഒരു ഭാഗ്യമാണ്. ലീല എന്ന ചിത്രത്തിലൂടെ അത്തരമൊരു ഭാഗ്യം ലഭിച്ച നടിയാണ് പാര്‍വതി നമ്പ്യാര്‍.
ലീല കണ്ട് നിരവധി ആളുകള്‍ അഭിനന്ദനം അറിയിച്ചെന്നും ലീല എന്ന കഥാപാത്രം എന്നും എന്റെ ജീവിതത്തില്‍ വിലപ്പെട്ടതായിരിക്കുമെന്നും പാര്‍വതി നമ്പ്യാര്‍ പറയുന്നു.
ഇപ്പോള്‍ വലിയ സന്തോഷമാണ്. നിരവധി ആളുകള്‍ ഫോണില്‍ വിളിച്ചു. ചിലര്‍ മെസ്സെജ് അയച്ചു. ചിത്രത്തില്‍ ലീല എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു എന്നറിഞ്ഞതില്‍ വലിയ സന്തോഷം. എന്റെ സന്തോഷം രേഖപ്പെടുത്താന്‍ വാക്കുകളില്ലെന്ന് വേണമെങ്കില്‍ പറയാം- പാര്‍വതി പറയുന്നു.
ലീല എന്ന കഥാപാത്രത്തെ തന്നില്‍ ഏല്‍പ്പിച്ചപ്പോള്‍ തന്നെ വലിയ ആത്മവിശ്വാസം തോന്നി. മലയാള സിനിമയില്‍ വലിയ അനുഭവസമ്പത്തൊന്നും ഇല്ലാത്ത വ്യ്ക്തിയാണ് ഞാന്‍. എന്നാല്‍ എന്നില്‍ ഒരു അഭിനേത്രിയെ കണ്ടുവെന്നാണ് ലീല കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്. എനിക്ക് നല്‍കാവുന്നതിന്റെ പരമാവധി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നല്‍കിയിട്ടുണ്ടന്നും താരം പറയുന്നു.
കഥാപാത്രത്തെ ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രിഡിറ്റും സംവിധായകന്‍ രജ്ഞിത്തിനാണ്. അദ്ദേഹത്തിന്റെ വിശ്വാസമാണ് ഒരു തരത്തില്‍ എന്നെ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ചുവര്‍ഷം മുന്‍പ് ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് അദ്ദേഹത്തെ കണ്ടത്.
അന്ന് തന്നെ എനിക്ക് ഒരു കഥാപാത്രത്തെ തരും എന്ന് അദ്ദേഹം വാക്കുപറഞ്ഞിരുന്നു. അത് അദ്ദേഹം പാലിച്ചു. അടുത്ത സിനിമയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പഠനത്തില്‍ തന്നെയാണ് ഇനി ശ്രദ്ധ നല്‍കുന്നതെന്നും താരം പറയുന്നു.