[]കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയില്‍ കോടതിയലക്ഷ്യം നടന്നതായി കാണിച്ച് ലീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നടപടിയില്‍ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ക്രൂരനര്‍ദ്ദനത്തിന് ഇരയായ ലീബ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ ചേരാനെല്ലൂര്‍ എസ്.ഐ ആയിരുന്ന സാംസണിന് വക്കീന്‍ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ സംശയിക്കപ്പെടുന്നയാളെ കസ്റ്റഡിയിലെടുക്കമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് സംബന്ധമായി സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷം കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ആദ്യ കോടതിയലക്ഷ്യ ഹര്‍ജിയാണ് ലീബയുടേത്.
എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ഹരീഷ്‌കുമാറും മകനുമാണ് 15 പവന്‍ മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ലീബക്കെതിരെ വ്യാജപരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 23ന് ചേരാനെല്ലൂര്‍ പോലീസ് ലീബയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്ത പോലീസ് അറസ്റ്റ് ചെയ്ത് 34 മണിക്കൂറിന് ശേഷമാണ് ലീബയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. പോലീസിന്റെ ക്രൂരമായ മൂന്നാംമുറയില്‍ നട്ടെല്ലിന് പരിക്കേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീബ.
ലീബ മാല മോഷണക്കേസില്‍ പ്രതിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജതെളിവുണ്ടാക്കാനും പോലീസ് ആസൂത്രിത ശ്രമം നടത്തിയിരുന്നു.