| Friday, 30th December 2022, 11:00 am

എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷൻ അവസാനിക്കുമ്പോൾ ഒരു പിടി മികച്ച താരങ്ങളെ ലോകം ശ്രദ്ധിച്ചുതുടങ്ങിയിരിക്കുകയാണ്.

അർജന്റീനയെ ലോകകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്.

പെനാൽട്ടി ഷൂട്ടൗട്ടിൽ അടക്കം ആത്മവിശ്വാസത്തോടെ പെരുമാറുകയും എതിരാളികളെ പ്രകോപിപ്പിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന രീതിയിലുള്ള മാർട്ടീനസിന്റെ ശരീരഭാഷ സമ്മർദം നിറഞ്ഞു നിൽക്കുന്ന അവസരങ്ങളിൽ ടീമുകൾക്ക് വലിയ മുൻ‌തൂക്കമാണ് നൽകുന്നത്.

താരം ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ട് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിൽ കളിക്കാൻ താരത്തിന് ആഗ്രഹമുള്ളതായി മാർട്ടീനസിന്റെ ഏജന്റും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോൾ മാർട്ടീനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിക്കണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസ താരം ലീ ഷാർപ്പ്. നിലവിലെ ഗോൾ കീപ്പറായ ഡേവിഡ് ദെഹയക്ക് പകരക്കാരനായാണ് മാർട്ടീനസിനെ ടീമിലെത്തിക്കാൻ ഷാർപ്പ് ആവശ്യപ്പെട്ടത്.

നിലവിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ദെഹയയുടെ പ്രതിഫലം വെട്ടികുറച്ച് താരത്തെ ഒരു വർഷം കൂടി ക്ലബ്ബിൽ നിലനിർത്താനാണ് യുണൈറ്റഡ് മാനേജ്മെന്റിന്റെ നിലവിലെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

“എല്ലാ ഗോൾ കീപ്പർമാരും ഓരോ തരത്തിൽ വ്യത്യസ്തരായിരിക്കും. കളി ശൈലിയിലും, സമ്മർദത്തെ അതിജീവിക്കുന്ന കാര്യത്തിലും അവർ വ്യത്യസ്ത പുലർത്തുന്നു. മാർട്ടിനസ് ലോകകപ്പിൽ നന്നായി കളിച്ചിട്ടുണ്ട്. എന്നാൽ ചില സമയങ്ങളിൽ അദേഹത്തിന്റെ കയ്യിൽ നിന്നും കാര്യങ്ങൾ അൽപം കൈവിട്ട് പോവുകയും ചെയ്തു.

പക്ഷെ ഒടുവിൽ ആയാൾ കരസ്ഥമാക്കിയ നേട്ടം മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്,’ ലീ ഷാർപ്പ് ന്യൂ കാസിനോക്ക് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.

“ലോകകപ്പിൽ മറ്റാരേക്കാളും പെനാൽട്ടി അദ്ദേഹം സേവ് ചെയ്തിട്ടുണ്ട്. മികച്ച ഒരു ഗോൾ കീപ്പറായ മാർട്ടിനസ് യുണൈഡിലെത്തിയാൽ അത് ക്ലബ്ബിന് വളരെ ഗുണം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ലോകകപ്പ് വേദിയിൽ വെച്ച് അശ്ലീല ആംഗ്യം കാണിച്ചതിനും, ഡ്രസിങ്‌ റൂമിൽ വിജയം ആഘോഷിക്കുന്നതിനിടെ എംബാപ്പെക്ക് വേണ്ടി മൗനം ആചരിക്കാൻ സഹതാരങ്ങൾക്ക് നിർദേശം നൽകിയതിലും, വിക്ടറി പരേഡിനിടെ എംബാപ്പെയുടെ ഫോട്ടോ പാവയിൽ വെട്ടി ചേർത്തതിനും ഉൾപ്പെടെ മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ എമിലിയാനോക്ക് നേരിടേണ്ടി വന്നിരുന്നു.

നേരത്തെ മാർട്ടിനസിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ പരിശീലകൻ തന്നെ അദ്ദേഹത്തിന്റെ ലോകകപ്പിലെ മോശം പെരുമാറ്റത്തിനെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു.

Content Highlights: Lee Sharpe has urgedmanchester united to sign emiliano martinez

We use cookies to give you the best possible experience. Learn more