ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന്റെ കഴുത്തില്‍ കുത്തേറ്റു; സംഭവം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ
World
ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന്റെ കഴുത്തില്‍ കുത്തേറ്റു; സംഭവം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 10:50 am

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കുത്തേറ്റു. ബുസാന്‍ സന്ദര്‍ശത്തിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ലീ ജെയ്- മ്യുങിന് നേരെ ആക്രമണം ഉണ്ടായത്. ഓട്ടോഗ്രാഫ് വാങ്ങാന്‍ എന്ന വ്യാജേന മ്യുങിന് അടുത്തെത്തിയ അക്രമി കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച മ്യുങിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമിയെ സംഭവ സ്ഥലത്തു വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ബുസാനിലെ പുതിയ വിമാന താവളത്തിന്റെ നിര്‍മാണ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ലീ ജെയ്- മ്യുങ്.

ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയയുടെ നേതാവായ ലീ ജെയ്- മ്യുങ് കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ആണ് നിലവിലെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍-സുക് -യോളുമായി പരാജയപ്പെട്ടത്.

2027 പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി കരുതപെടുന്ന മ്യുങിന് എതിരായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ അഴിമതി ആരോപണങ്ങളില്‍ വിചാരണ കാത്തിരിക്കുന്ന മ്യുങിന്റെ കസ്റ്റഡി കഴിഞ്ഞ സെപ്റ്റംബറില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.

ഇതിനു മുന്‍പും ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. 2006 ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റുമായ പാര്‍ക്ക് ഗ്യൂന്‍- ഹെക്ക് നേരെയും 2022 ല്‍ സോങ് യങ് ഗിലിനു നേരെയും അക്രമങ്ങള്‍ നടന്നിട്ടുണ്ട്.

Content Highlight: Lee Jae-myung: South Korea opposition leader stabbed in Busan