| Monday, 26th February 2024, 8:50 am

ലണ്ടന്‍ മേയര്‍ക്കെതിരെ വംശീയ പരാമര്‍ശം: ലീ ആന്‍ഡേഴ്‌സണിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മേയര്‍ സാദിഖ് ഖാനെതിരെ വംശീയ പരാമര്‍ശം നടത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം.പി ലീ ആന്‍ഡേഴ്‌സണിന് സസ്‌പെന്‍ഷന്‍. സാദിഖ് ഖാനെ നിയന്ത്രിക്കുന്നത് ഇസ്‌ലാമിസ്റ്റുകള്‍ ആണെന്നായിരുന്നു ലീ ആന്‍ഡേഴ്‌സണിന്റെ പരാമര്‍ശം.

പിന്നാലെ ഇത് മുസ്‌ലിംവിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വെറുപ്പ് കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് ലീ ആന്‍ഡേഴ്‌സണിന്റെ ഈ പ്രസ്താവനയെന്നും സാദിഖ് ഖാന്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടി വിപ്പ് നല്‍കി. ലീ ആന്‍ഡേഴ്‌സണ്‍ ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടപടിയെടുത്തത്.

ലീ ആന്‍ഡേഴ്‌സണിന്റെ പരാമര്‍ശത്തില്‍ സാദിഖ് ഖാന്റെ പ്രതികരണം പുറത്ത് വന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട് ആന്‍ഡേഴ്‌സണിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഒരു സ്വതന്ത്ര അംഗമായി അദ്ദേഹത്തിന് സഭയില്‍ തുടരാനാവും. നേരത്തെ ഋഷി സുനകിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ലീ ആന്‍ഡേഴ്‌സണ്‍ രാജി വെച്ചിരുന്നു.

ഇപ്പോള്‍ ലണ്ടന്‍ മേയര്‍ക്കെതിരെയുള്ള വംശീയ പരാമര്‍ശത്തോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും രംഗത്തെത്തിയതോടെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഋഷി സുനകിന് മേല്‍ സമ്മര്‍ദമേറുകയുമായിരുന്നു.

കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ തയ്യാറാകാത്തതാണ് ലീ ആന്‍ഡേഴ്‌സണിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ടിന്റെ വക്താവ് അറിയിച്ചു.

Content Highlight: Lee Anderson Suspended  Over Islamist Remarks On Sadiq Khan

We use cookies to give you the best possible experience. Learn more