ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, റൊണാള്‍ഡീഞ്ഞോ എന്നീ താരങ്ങളോടൊപ്പം കളിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ലെഡ്‌ലി കിങ്.
പോര്‍ച്ചുഗീസ് റൊണാള്‍ഡോയാണ് താന്‍ നേരിട്ട് അതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളിയെന്നാണ് കിങ് പറഞ്ഞത്. ടോക്ക് സ്‌പോട്ടിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍.
‘ഫുട്‌ബോളില്‍ ഞാന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന് ചോദിച്ചാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് ഞാന്‍ കരുതുന്നു. റൊണാള്‍ഡീഞ്ഞൊക്കൊപ്പവും സിദാന്റെ കൂടെയും ഞാന്‍ കളിച്ചിട്ടുണ്ട്. ഇവര്‍ക്കും പുറമേ ഒരു പിടി മികച്ച താരങ്ങളും ആ സമയത്ത് എന്നോടൊപ്പം കളിച്ചിട്ടുണ്ട്. പക്ഷേ മത്സരത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടേറിയ എതിരാളി റൊണാള്‍ഡോയാണ്. റൊണാള്‍ഡിനോയെയും സിദാനെയും ഞാന്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്,’ ലെഡ്‌ലി കിങ് പറഞ്ഞു.
അതേസമയം റൊണാള്‍ഡോ ഇപ്പോഴും തന്റെ തളരാത്ത കാല്‍പാദങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. തന്റെ 39ാം വയസിലും പ്രായത്തെ കാഴ്ചക്കാരനാക്കി കൊണ്ടാണ് റൊണാള്‍ഡോ മിന്നും പ്രകടനം നടത്തുന്നത്.
ഈ സീസണില്‍ അല്‍ നസറിന് വേണ്ടി സൗദി ലീഗില്‍ 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയത്. ഇതിന് പിന്നാലെ സൗദി ലീഗിലെ ടോപ് സ്‌കോററായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.
സൗദി പ്രൊ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും നാലു വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്കോറര്‍ ആകുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുമുമ്പ് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയായിരുന്നു റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയത്.
ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് യൂറോ കപ്പാണ്. തന്റെ ആറാമത്തെ യൂറോ മാമാങ്കത്തിനാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിട്ടുള്ളത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.
Content Highlight: Ledley King Talks The Toughest Opponent Faced his Football Carrier