[]ബാംഗ്ലൂര്‍: എം.ടെക്ക് പഠിക്കണമെന്ന് പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. ബി.ഇ ഡിഗ്രീയുള്ള ഭര്‍ത്താവാണ് ഭാര്യയുടെ എം.ടെക് ആഗ്രഹത്തെ തല്ലിയടുച്ചത്.
ബാംഗ്ലൂര്‍ ബസവേശ്വര്‍നഗറിലാണ് സംഭവം. ബി.ഇക്കാരനായ സന്തോഷ്‌കുമാറാണ് എം.ടെക് കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞ ഭാര്യയെ കട്ടപ്പാര ഉപയോഗിച്ച് തലക്കടിച്ച് കൊന്നത്.
ബാംഗ്ലൂര്‍ നാദ്ഗിര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ ഇലക്ട്രോണിക് അധ്യാപകനാണ് സന്തോഷ് കുമാര്‍. എം.ടെക് പഠിക്കണമെന്ന ഭാര്യ പ്രീതയുടെ ആഗ്രഹമാണ് കൊലപാതകത്തിന് കാരണമെന്ന് സന്തോഷ്‌കുമാര്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്.
എട്ട് മാസം മുമ്പാണ് സന്തോഷ് കുമാറും പ്രീതയും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രീത എം.ടെക്കിന് ചേര്‍ന്നതോടെയാണ് ഇരുവരുടേയും ഇടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
സന്തോഷിനെക്കാള്‍ വിദ്യാഭ്യാസം പ്രീതയ്ക്കുണ്ടെന്നതില്‍ സന്തോഷിന്റെ കുടുംബത്തിലെ ചിലര്‍ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. പഠനം നിര്‍ത്താന്‍ സന്തോഷ് പ്രീതയോട് ആവശ്യപ്പെട്ടെങ്കിലും പ്രീത ഇത് നിരാകരിച്ചു.
പഠനം കഴിഞ്ഞ് ജോലി നേടി സന്തോഷിനെ സഹായിക്കുകയായിരുന്നു പ്രീതയുടെ ലക്ഷ്യമെന്ന് അവരുടെ സഹോദരന്‍ പ്രദീപ് പറയുന്നു.
പഠനം നിര്‍ത്തണമെന്ന സന്തോഷിന്റെ ആവശ്യം പ്രീത തള്ളിയതോടെയുണ്ടായ വാഗ്വാദമാണ് പ്രീതയുടെ മരണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
പ്രീതയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പിതാവ് അറിയിച്ചു.