ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഇന്ത്യയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മേയ് 19-നാണ് എക്‌സിറ്റ് പോളുകള്‍ പുറത്തുവിടേണ്ട തീയതി. അന്നാണ് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്.
എക്‌സിറ്റ് പോള്‍ പ്രഖ്യാപിച്ചതിന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനകം മറുപടി നല്‍കാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിയുന്നതിനു മുന്‍പ് അഭിപ്രായസര്‍വേയോ മറ്റോ പുറത്തുവിടുന്നതു ജനപ്രാതിനിധ്യ നിയമം 126എ വകുപ്പ് പ്രകാരം കുറ്റകരമാണ്.
മേയ് 19-നു നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ഏഴു സംസ്ഥാനങ്ങളിലും ഒരു ചണ്ഡീഗഢിലുമായി 60 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും 13 വീതം, ബംഗാളിലെ ഒമ്പത്, ബിഹാറിലെ എട്ട്, ഹിമാചല്‍ പ്രദേശിലെ നാല്, ജാര്‍ഖണ്ഡിലെ മൂന്ന്, ചണ്ഡീഗഢിലെ ഒന്ന് മണ്ഡലങ്ങളാണ് ബൂത്തിലെത്തുക.
ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന രണ്ടാമത്തെ സുപ്രധാന പ്രഖ്യാപനമാണിത്. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗാളിലെ പരസ്യപ്രചാരണം ഒരുദിവസം മുന്‍പേ അവസാനിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച അവസാനിക്കേണ്ട പ്രചാരണം നാളെ രാത്രി 10 മണിയോടെ അവസാനിപ്പിക്കാനാണ് ഉത്തരവില്‍ പറയുന്നത്. ഇതിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കുവേണ്ടിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ആരോപിച്ചിരുന്നു.