അനായാസം ഞങ്ങളെ തകര്‍ക്കാമെന്ന് വിചാരിക്കണ്ട; ഇസ്രഈലിന് മുന്നറിയിപ്പുമായി ലെബനന്‍ വിദേശകാര്യ മന്ത്രി
World News
അനായാസം ഞങ്ങളെ തകര്‍ക്കാമെന്ന് വിചാരിക്കണ്ട; ഇസ്രഈലിന് മുന്നറിയിപ്പുമായി ലെബനന്‍ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 9:53 pm

ബെയ്റൂട്ട്: രാജ്യത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി ലെബനന്‍ വിദേശകാര്യ മന്ത്രി. ‘പാര്‍ക്കില്‍ നടക്കുന്നതിന് സമാനമായി’ ലെബനനില്‍ അനായാസമായി ആക്രമണം നടത്താന്‍ ഇസ്രഈലിന് സാധിക്കില്ലെന്ന് മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു.

ലെബനനെതിരെ ആക്രമണം തൊടുത്തുവിടുന്നത് പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബൗ ഹബീബിന്റെ ഇസ്രഈലിനുള്ള താക്കീത്.

ഇസ്രഈലുമായി തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്ന് ബൗ ഹബീബ് അഭിമുഖത്തില്‍ ഊന്നിപ്പറയുകയുണ്ടായി. എന്നിരുന്നാലും തങ്ങള്‍ക്ക് രാജ്യത്തെ എല്ലാ സായുധ സംഘടനകളുമായും കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും ഇത് അന്തിമമായ തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ നയതന്ത്രജ്ഞര്‍ ഇസ്രഈലിന്റെ യുദ്ധ ഭീഷണി തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും രാജ്യത്ത് നിന്ന് ഇസ്രഈലി സൈനികര്‍ പിന്മാറണമെന്നാണ് ലെബനന്‍ നിലവില്‍ ഉയര്‍ത്തുന്ന ആവശ്യമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം ഇസ്രഈല്‍ സേനക്ക് 7,000 പുതിയ സൈനികരെ ആവശ്യമുണ്ടെന്ന് ഇസ്രഈലി വാര്‍ത്താ ഔട്ട്ലെറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പകുതി സൈനികരെയും ഗസയിലെ യുദ്ധത്തിനായി അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വരാനിരിക്കുന്ന ഘട്ടങ്ങളിലേക്ക് ഇതിനകം തീരുമാനിച്ച സൈനികരുടെ നിയമനങ്ങളെക്കാള്‍ എത്രയോ അധികമാണ് ഇതെന്ന് ഇസ്രഈലി മാധ്യമമായ യെദ്യോത്ത് ആഹ്രനോത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലി സേന 7,500ഓളം ഉദ്യോഗസ്ഥരെ തേടുമ്പോള്‍ ട്രഷറി 2,500 പേരെ മാത്രമേ നിലവില്‍ അംഗീകരിക്കുന്നുള്ളൂ എന്നാണ് മറ്റുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Lebanon’s foreign minister has warned Israeli Prime Minister Benjamin Netanyahu against attacks against the country