Advertisement
World
സര്‍ക്കാര്‍ രാജിവെക്കണം, ഹിസ്‌ബൊള്ളയുടെ സമവായത്തെ തള്ളി ലെബനന്‍ പ്രക്ഷോഭകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 26, 03:50 am
Saturday, 26th October 2019, 9:20 am

ബെയ്‌റൂട്ട്‌: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന ലെബനനില്‍ ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ളയുടെ സമവായശ്രമത്തെയും തള്ളി പ്രക്ഷോഭകര്‍. സര്‍ക്കാര്‍ മുഴുവനും രാജി വെച്ചൊഴിയണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രക്ഷോഭകര്‍ മിതത്വം പാലിക്കാനും പ്രധാനമന്ത്രി സാദ് ഹരീരിയുടെ സര്‍ക്കാര്‍ രാജി വെക്കുന്നത് ലെബനനെ തകര്‍ക്കുമെന്നും സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുമെന്നും നസ്‌റുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം സര്‍ക്കാരിന്റെ ഭരണ പരാജയം താന്‍ അംഗീകരിക്കുന്നതായും എന്നാല്‍ രാജി അല്ല അതിനുള്ള പരിഹാരമെന്നും നസ്‌റുള്ള പറഞ്ഞിരുന്നു. നസ്‌റുള്ളയുടെ ആവശ്യം തള്ളിയ സ്ഥിതിക്ക് പ്രക്ഷോഭകരും ഹിസ്‌ബൊള്ള സംഘവും തമ്മില്‍ സംഘര്‍ഷം നടക്കാനിടയുണ്ട്.

സര്‍ക്കാരിന്റെ ഭരണ പരാജയത്താല്‍ നേരത്തെ ഹരീരിയുടെ മന്ത്രിസഭയിലെ ക്രിസ്ത്യന്‍ സഖ്യ കക്ഷി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. സര്‍ക്കാരിന് ലെബനനിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ പറ്റാത്തതിനാലാണ് തങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ലെബനീസ് ഫോര്‍സസ് പാര്‍ട്ടി തലവന്‍ സമിര്‍ ഗിഗിയ പറഞ്ഞു.

ലെബനനില്‍ ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ കൂട്ടിച്ചേര്‍ത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റൂ.

ലെബനനിലെ പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ ആയിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും പാര്‍ലമെന്റ് വക്താവായി ഷിയ വിഭാഗത്തില്‍ നിന്നുമുള്ള ആളുമായിരിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ സംയുക്ത സര്‍ക്കാരിന് 74 മണിക്കൂര്‍ സമയമാണ് പ്രധാനമന്ത്രി സാദ് ഹരീരി പ്രശ്ന പരിഹാരത്തിന് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാട്‌സ് ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ജനരോഷത്താല്‍ പിന്‍വലിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ള ലെബനനില്‍ തൊഴിലില്ലായ്മയും വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.