ലെബനനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തുടരുന്നു, സര്‍ക്കാര്‍ രാജിവെക്കേണ്ടെന്ന് ഹിസ്‌ബൊള്ള
World
ലെബനനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തുടരുന്നു, സര്‍ക്കാര്‍ രാജിവെക്കേണ്ടെന്ന് ഹിസ്‌ബൊള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 8:15 pm

ബെയ്‌റൂട്ട്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇതിനിടെ സര്‍ക്കാര്‍ രാജി വെക്കണമെന്ന് ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് ലെബനനിലെ പ്രബല ഷിയ സംഘമായ ഹിസ്‌ബൊള്ളയുടെ തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റള്ള അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അമിത നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ രാജി ലെബനനെ പാടെ തകര്‍ക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിന് പരസ്പരം പഴിചാരാതെ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഹിസ്‌ബൊള്ള തലവന്‍ പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്‌ബൊള്ള ഇവിടത്തെ പ്രബല സാന്നിധ്യമാണ്.

ഇതുവരെയുണ്ടായ പ്രക്ഷോഭത്തില്‍ 70 പ്രക്ഷോഭകര്‍ക്കും 52 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി സാദ് ഹരീരിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ പ്രക്ഷോഭത്തിന്റെ ഗൗരവം മനസ്സിലാക്കുന്നുണ്ടെന്നും സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടികള്‍ എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ സമയമാണ് ഹരീരി ഇതിനായി തന്റെ സര്‍ക്കാരിന് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാട്‌സ് ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ജനരോഷത്താല്‍ പിന്‍വലിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെബനനിലെ സര്‍ക്കാരിന്റെ ഓരോ സ്ഥാനത്തിനും ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഒരാളുണ്ടായിരിക്കണം. ലെബനനിലെ പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ ആയിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിമും പാര്‍ലമെന്റ് സ്‌പോക്‌സ് പേര്‍സണായി ഷിയ വിഭാഗത്തില്‍ നിന്നുമുള്ള ആളായിരിക്കണം.

ലെബനില്‍ അടുത്തടുത്തായി ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇവിടത്തെ സാമ്പത്തിക നില താറു മാറാക്കുകയുണ്ടായി. 1990ല്‍ അവസാനിച്ച 15 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കടക്കെടുതിയില്‍ നിന്നും പുറത്തു വരാന്‍ ഇതു വരെയും ലെബനനായിട്ടില്ല.