ലെബനന്‍ പ്രക്ഷോഭം വിജയം; രാജി വെക്കാമെന്നറിയിച്ച് പ്രധാനമന്ത്രി
World
ലെബനന്‍ പ്രക്ഷോഭം വിജയം; രാജി വെക്കാമെന്നറിയിച്ച് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 9:18 pm

ബെയ്‌റൂട്ട്: 13ാം ദിവസമെത്തിയ ലെബനന്‍ പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി പ്രക്ഷോഭകര്‍ക്കു മുമ്പില്‍ മുട്ടു മടക്കി. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് അടുത്ത ദിവസം നല്‍കുമെന്നും സാദ് ഹരീരി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ലെബനന്‍ ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സാമ്പത്തിക മാന്ദ്യം മറികടക്കാനായി വാട്‌സ്ആപ്പ് ഉപയോഗത്തിനടക്കം ഏര്‍പ്പെടുത്തിയ നികുതി പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം വന്നതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹരീരിയുടെ സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യ കക്ഷി മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

തുടര്‍ന്നങ്ങോട്ട് പ്രതിഷേധം കനത്തതോടെ ഹരീരിയുടെ സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ട് ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ള രംഗത്തെത്തിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ രാജിവെക്കുന്നത് രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശവും പ്രക്ഷോഭകര്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ രാജി വെച്ചേ പറ്റൂ എന്നായിരുന്നു ലെബനന്‍ പ്രക്ഷോഭകര്‍ പറഞ്ഞത്. രാജ്യത്തെ പ്രധാന ശക്തിയായ ഹിസ്‌ബൊള്ള നേതാവിനെയും തള്ളിപ്പറഞ്ഞു കൊണ്ട് മുന്നേറിയ പ്രക്ഷോഭം വിജയം കണ്ടത് ലെബനന്‍
രാഷ്ട്രീയത്തിലെ പ്രധാന മുന്നേറ്റമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലെബനില്‍ അടുത്തടുത്തായി ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇവിടത്തെ സാമ്പത്തിക നില താറു മാറാക്കുകയുണ്ടായി. 1990ല്‍ അവസാനിച്ച 15 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കടക്കെടുതിയില്‍ നിന്നും പുറത്തു വരാന്‍ ഇതു വരെയും ലെബനനായിട്ടില്ല.