ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റുട്ട് തുറമുഖത്തില്‍ വന്‍ ദുരന്തമുണ്ടാക്കിയ സ്‌ഫോടനത്തില്‍ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹസന്‍ ദയിബിനെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസ്.
നൂറ് കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയതും ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റതുമായ സംഭവത്തില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ഗുരുതര വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
സ്‌ഫോടനത്തില്‍ അന്വേഷണം നടത്തിയ ജഡ്ജി ഫാഡി സവാന്‍ ദയാബിനു പുറമെ പൊതുമരാമത്ത് മന്ത്രിമാരായ ഗാസി സൈറ്റര്‍, യൂസഫ് ഫെനിയാനോസ്, മുന്‍ ധനമന്ത്രി അലി ഹസ്സന്‍ ഖലീല്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു.
ലെബനനിലെ മാധ്യമങ്ങളും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദയാബിനെയും മുന്‍ മന്ത്രിമാരെയും സ്‌ഫോടനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ ജഡ്ജി സവാന്‍ ഇവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് ലെബനനില്‍ പ്രത്യേക കോടതിയുള്ളതിനാല്‍ ലെബനന്‍ പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ കടുന്നുള്ള അന്വേഷണത്തിന് ദയാബ് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
ജഡ്ജി സവാന്‍ വ്യക്തിയെ അല്ല പ്രധാനമന്ത്രിയെ ആണ് ഉന്നം വെക്കുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. ലെബനനിലെ സ്‌ഫോടനത്തിന് പിന്നാലെ പ്രധാമന്ത്രി ഹസന്‍ ദയിബും മന്ത്രിമാരും രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.
ആറ് വര്‍ഷമായി ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 22750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചായിരുന്നു ലെബനനില്‍ അപകടമുണ്ടായത്.
ആറ് വര്‍ഷമായി ഇവിടെ സൂക്ഷിച്ചുവെച്ച സ്ഫോടക വസ്തുക്കളാണ് അപകടത്തിലേക്ക് നയിച്ചത് എന്നത് വലിയ രീതിയില്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനന്‍ ജനതയ്ക്ക് സ്ഫോടനം വലിയ പ്രഹരമാണ് തീര്‍ത്തത്
ക്രിസ്ത്യന്‍, ഷിയ, സുന്നി വിഭാഗക്കാരെ ഉള്‍പ്പെടുത്തിയാണ് ലെബനന്റെ അധികാര വികേന്ദ്രീകരണം.ലെബനന്‍ പ്രസിഡന്റ് ഒരു മരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗക്കാരനായിരിക്കണം എന്നാണ് ചട്ടം.
പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ മുസ്‌ലിം വിഭാഗത്തില്‍ നിന്നുമായിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിമും ആയിരിക്കണം. 15 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ കൊണ്ടു വന്ന ദേശീയ ഉടമ്പടി പ്രകാരമാണ് ഇങ്ങനെയൊരു നയം.
1989 ല്‍ തൈഫ് എഗ്രിമെന്റ് എന്ന പേരില്‍ സൗദി അറേബ്യയില്‍ വെച്ചാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം സുന്നി മുസ്‌ലിം, ഷിയ മുസ്‌ലിം ക്രിസ്ത്യന്‍ എന്നിവര്‍ക്ക് തുല്യമായി അധികാരം ലഭിക്കും. ഈ ഘടനയിലാണ് ഇതുവരെയും ലെബനന്‍ രാഷ്ട്രീയം നീങ്ങിയത്.