ബെയ്‌റൂട്ട്: ടെല്‍ അവീവ് ആസ്ഥാനമായുള്ള മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ലെബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ള മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ട്.
ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബെസിയുടെ മരണത്തിനുള്ള പ്രതികാരമായാണ് ഈ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു.
ഇസ്രഈല്‍-ഹിസ്ബുള്ള സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഹിസ്ബുള്ളയുടെ ആക്രമണം മധ്യ ഇസ്രഈലിലേക്ക് കടന്നതെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞതായി അല്‍ ജസീറ റിപ്പോട്ട് ചെയ്തു. അതേസമയം ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഹിസ്ബുള്ള തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നിര്‍വീര്യമാക്കിയതായും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലെബനനില്‍ പേജര്‍-വോക്കിടോക്കി ആക്രമണങ്ങള്‍ നടത്താന്‍ മൊസാദ് ഈ കെട്ടിടത്തില്‍ വെച്ചാണ് പദ്ധതിയിട്ടതെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.
‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ്, ടെല്‍ അവീവിലെ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ലക്ഷ്യമാക്കി ക്വാഡര്‍ 1 ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച്ച (5-09-24) 6:30ഓട് കൂടി വിക്ഷേപിച്ചു, ഈ ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് ഹിസ്ബുള്ള നേതാക്കളെ വധത്തിനും-പേജര്‍ വോക്കിടോക്കി ആക്രമത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ആക്രമണം ലെബനനിലെ ജനങ്ങളെ പ്രതിരോധിക്കാനുള്ളതും ഗസയെ സപ്പോര്‍ട്ട് ചെയ്യാനുള്ളതുമാണ്,’ ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ആക്രമണത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണം നടത്തുന്നതിന് മുമ്പായി ടെല്‍ അവീവില്‍ സൈറണ്‍ മുഴങ്ങിയാതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 569 ആയി ഉയര്‍ന്നിട്ടുണ്ട്. അടിയന്തരമായി ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രഈല്‍ അത് അംഗീകരിച്ചിരുന്നില്ല.