ബെയ്‌റൂട്ട്: ലെബനനിലെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 180ലേക്കടുക്കുന്നുവെന്ന് യു.എന്‍. സ്‌ഫോടനത്തില്‍ ഏകദേശം 6000 പേര്‍ക്ക് പരിക്കേറ്റെന്നും 30ലേറെ പേരെ ഇപ്പോഴും കാണാനില്ലെന്നും യു.എന്‍ വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ ആറ് ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. ആറില്‍ മൂന്ന് ആശുപത്രികളും 20ഓളം ക്ലിനിക്കുകളും സ്‌ഫോടനത്തില്‍ തകര്‍ന്നെന്നും യു.എന്നിന്റെ മാനുഷിക കാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ സ്‌ഫോടനം നടന്ന 15 കിലോമീറ്റര്‍ പരിധിയില്‍ പ്രാഥമിക പരിശോധന നടത്തിയതില്‍ 55 ആരോഗ്യ കേന്ദ്രങ്ങളില്‍ പകുതിമാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു എന്നാണ് വ്യക്തമാകുന്നത്. അതില്‍ 40 ശതമാനവും കാര്യമായി തകര്‍ന്നു പോയതിനാല്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
50,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 120 സ്‌കൂളുകള്‍ നശിച്ചു. 50,000ത്തോളം വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് പലസ്തീനികളടക്കം 14 അഭയാര്‍ത്ഥികളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. 170,000 താമസക്കാരുടെ അപ്പാര്‍ട്ടുമെന്റുകളും തകര്‍ന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്തെ 55 ശതമാനം വീടുകലും വാടക വീടുകളാണ്. വീടുകള്‍ പുനഃസ്ഥാപിക്കാനും നന്നാക്കാനുമായി കാര്യമായ ചെലവുകള്‍ ഉണ്ടാകുമെന്നും ബെയ്‌റൂട്ടിലെ ജനത ഒരു സാമ്പത്തിക തകര്‍ച്ച നേരിടുമെന്നും ഏജന്‍സി വ്യക്തമാക്കുന്നു.
അതേസമയം സ്‌ഫോടനം നടന്നതിനിടയില്‍ ആളുകളെ രക്ഷിക്കാനും മറ്റുമായി പോയതും, സ്‌ഫോടനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധവും കാരണം ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നത് കുറഞ്ഞിരിക്കുമെന്നും, ഇത് കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെയ്‌റൂട്ടിലെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്‍ വരുന്ന അമോണിയം നൈട്രേറ്റ് ആളിക്കത്തിയതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
എന്നാല്‍ സ്‌ഫോടനം നടന്നതിന്റെ ഭാഗമായി ചര്‍ച്ചയായ രേഖകള്‍ പരിശോധിക്കുമ്പോള്‍ രാസവസ്തു സൂക്ഷിച്ചതിനെക്കുറിച്ച് ബെയ്‌റൂട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും അറിയാമെന്നാണ് വ്യക്തമാകുന്നത്. വമ്പിച്ച ജനകീയ പ്രക്ഷോഭം കാരണം ആഗസ്റ്റ് 10ന് സര്‍ക്കാര്‍ രാജി വെച്ചിരുന്നു.