| Monday, 10th August 2020, 5:01 pm

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ തകരുന്നത് ലെബനന്‍ സര്‍ക്കാരും: നീതികാര്യ വകുപ്പ് മന്ത്രിയും രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ നിന്നും തുടരെ കൊഴിഞ്ഞ് പോക്ക്. നീതികാര്യ വകുപ്പ് മന്ത്രി മാരി ക്ലോഡ് ആണ് രാജി വെച്ചിരിക്കുന്നത്. രാജ്യത്തെ വാര്‍ത്താ വിനിമയ മന്ത്രിയും പരിസ്ഥിതി മന്ത്രിയും രാജി വെച്ചതിനു പിന്നാലെയാണ് നീതികാര്യ വകുപ്പ് മന്ത്രിയും രാജി വെച്ചിരിക്കുന്നത്.

വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് ഞങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച പരിഷ്‌കരണത്തിലേക്ക് നയിക്കില്ലെന്നാണ് നീതികാര്യ വകുപ്പ് മന്ത്രി രാജി വെക്കവെ പറഞ്ഞിരിക്കുന്നത്.

ഒപ്പം മറ്റ് ഭരണ കര്‍ത്താക്കളോടും രാജി വെക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനന്റെ പ്രതിസന്ധി മറികടക്കാന്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.

ലെബനനിലെ മുന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാരിനെതിരെ 2019 ല്‍ നടന്ന വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് 2020 ജനുവരിയില്‍ ഹസ്സന്‍ ദയിബിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രക്ഷോഭകര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ കേന്ദ്രീകൃത സര്‍ക്കാരാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍ സര്‍ക്കാരിന്റെ ഡമ്മികളാണെന്ന് ചൂണ്ടിരക്കാട്ടിയും ലെബനന്‍ പ്രതിസന്ധിക്ക് പരിഹാര മാവാകത്ത സാഹചര്യത്തിലും ഈ സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ രാജി വെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more