കലിംഗ: കഴിഞ്ഞ പത്ത് വര്‍ഷത്തിനകം ഇന്ത്യന്‍ ഫുട്‌ബോളിന് അത്ഭുതകരമായ മാറ്റമാണ് കാണാനാകുന്നതെന്ന് ലെബനീസ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ച് അലക്‌സാണ്ടര്‍ ഇലിക്. 10 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ദേശീയ ടീമിന്റെ വളര്‍ച്ചയില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ടീം വളരെ വ്യത്യസ്തരായിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ കുറച്ച് സീസണുകളിലെ പ്രകടനങ്ങള്‍ കണ്ടാല്‍ ഇത് ബോധ്യപ്പെടും. ഇന്ത്യയുടെ അധ്വാനം എനിക്ക് മനസിലാകുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമുണ്ട്.
ഇന്ത്യന്‍ കളിക്കാരുടെ ഓള്‍റൗണ്ട് ക്വാളിറ്റി മികച്ചതാണ്. അതേസമയം, പകരക്കാരെത്തുമ്പോള്‍ അത് നഷ്ടപ്പെടുത്താതിരിക്കാന്‍ നല്ല ശ്രദ്ധ വേണം,’ ലെബനീസ് കോച്ച് പറഞ്ഞു.
ജയിക്കാനായാണ് കളിക്കുന്നതെന്നും വെറുതെയിരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു. ഹീറോ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ഇന്ന് ലെബനീസ് വെല്ലുവിളിയെ അതിജീവിക്കേണ്ടതുണ്ട്. നിലവിലെ ജേതാക്കളായ ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയത്.
ടൂര്‍ണമെന്റില്‍ ഒടുവില്‍ നടന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി 7.30നാണ് മത്സരം.