കോഴിക്കോട്: ലെബനന്‍ സ്‌ഫോടനത്തില്‍ മലയാളിയായ റിന്‍സണ്‍ ജോസിന്റെ കമ്പനിക്ക് ബന്ധമില്ലെന്ന് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി. റിന്‍സണിന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ പേജറുകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല, പേജറുകള്‍ നിര്‍മിച്ച ബി.എസ്സി എന്ന കമ്പനിയുമായി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി.
ബള്‍ഗേറിയില്‍ നിന്ന് യാതൊരു വിധത്തിലുള്ള പേജറുകളും നിര്‍ദ്ദിഷ്ട കമ്പനിക്ക് കയറ്റിയയ്ക്കുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല. സ്‌ഫോടനം നടന്ന പേജറുകളും ബള്‍ഗേറിയയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനനില്‍ പേജറുകള്‍ വിതരണം ചെയ്ത ബി.എസ്സി എന്ന കമ്പനിയുമായി നോര്‍ട്ട ഗ്ലോബലിന് 1.6 മില്ല്യണ്‍ യൂറോ കൈമാറിയിരുന്നെങ്കിലും അത് നിയമപരമായ കൈമാറ്റമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പേജറുകള്‍ വിതരണം ചെയ്ത ബി.എസ്സി എന്ന കമ്പനിക്ക് നോര്‍ട്ട ഗ്ലോബല്‍ പണം നല്‍കിയെതിനെത്തുടര്‍ന്ന് റിന്‍സണിന്റെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്, പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് വില്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ഒന്നര ദശലക്ഷം യൂറോ ബള്‍ഗേറിയയിലൂടെ ഹംഗറിയിലേക്ക് അയച്ചതായി ബള്‍ഗേറിയന്‍ചാനല്‍ ബി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബള്‍ഗേറിയ കേന്ദ്രീകരിച്ചാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
Content Highlight: Lebanon blast: Malayali’s company not linked, says Bulgarian investigation agency