ബെയ്റൂട്ട്: ലെബനലിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് സിറിയന്‍ പൗരനാണെന്ന് ലെബനന്‍ സൈന്യം അറിയിച്ചു.
ഗസയില്‍ ഇസ്രഈല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മേഖലയിലുടനീളം സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം. ഇസ്രഈല്‍ ഫലസ്തീനില്‍ തുടരുന്ന വംശഹത്യക്കെതിരെ വലിയ തോതില്‍ അമേരിക്കയില്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു.
സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ അക്രമിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയത് സിറിയന്‍ പൗരനാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും സൈന്യം എക്സില്‍ പറഞ്ഞു.
‘കെട്ടിടത്തിലേക്കുള്ള കവാടത്തിന് സമീപം രാവിലെ 8.34 ന് ചെറിയ രീതിയില്‍ തീപിടിത്തം ഉണ്ടായി. അതാണ് ആദ്യം കണ്ടത്,’ നഗരത്തിന്റെ വടക്കന്‍ പ്രദേശമായ അവ്കറില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് എംബസി റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടുനിന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്ത് സൈന്യം പരിശോധന നടത്തുന്നതിനിടെ എംബസിയുടെ സുരക്ഷാ സംഘത്തിലെ ഒരു അംഗത്തിന് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തില്‍ മറ്റ് നാല് തോക്കുധാരികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
Content Highlight: Lebanon arrests gunman following attack on US embassy in Beirut