| Thursday, 24th March 2022, 5:03 pm

വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ ഹിസ്‌ബൊല്ലയെ ന്യായീകരിച്ചു; ലെബനീസ് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും മിലിറ്റന്റ് സംഘവുമായ ‘ഹിസ്ബൊല്ല’യെ വത്തിക്കാനില്‍ വെച്ച് ന്യായീകരിച്ച് സംസാരിച്ച ലെബനീസ് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം.

ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ അൗന്‍ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രതികരണമാണ് ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയരീതിയില്‍ പ്രതിഷേധം ക്ഷണിച്ച് വരുത്തിയത്.

ലെബനനിലെ സുരക്ഷാ കാര്യങ്ങളെ ഹിസ്‌ബൊല്ലയുടെ ആയുധങ്ങള്‍ ‘ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല’ എന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.

ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ വ്യാപകമായി പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ഹിസ്‌ബൊല്ല നടത്തിയിട്ടുള്ള വിവിധ ആക്രമണങ്ങളും കൊലപാതകങ്ങളും അതിന്റെ തീയതികളുമടക്കമുള്ള കാര്യങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടാണ് ആളുകള്‍ ഇതിനെതിരെ പ്രതികരിക്കുന്നത്.

ലെബനന്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരിരി, പൈലറ്റ് സമെര്‍ ഹന്ന, ഹിസ്‌ബൊല്ലയുടെ ശത്രുക്കളായിരുന്ന ഹാഷെം സുലെയ്മാന്‍, ലുക്മാന്‍ സ്‌ലിം എന്നിവരുടെ കൊലപാതകങ്ങളാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഹിസ്‌ബൊല്ല.
ഹിസ്ബൊല്ലയ്ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ അമേരിക്കയും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Lebanese president sparks Christian anger by defending Hezbollah at the Vatican

We use cookies to give you the best possible experience. Learn more