ഇസ്രഈലിനെ വിമര്‍ശിക്കുന്നത് യഹൂദവിരുദ്ധത; ലെബനീസ്-ഓസ്ട്രേലിയന്‍ പ്രൊഫസറെ പുറത്താക്കി ജര്‍മന്‍ ഗവേഷണ സ്ഥാപനം
World News
ഇസ്രഈലിനെ വിമര്‍ശിക്കുന്നത് യഹൂദവിരുദ്ധത; ലെബനീസ്-ഓസ്ട്രേലിയന്‍ പ്രൊഫസറെ പുറത്താക്കി ജര്‍മന്‍ ഗവേഷണ സ്ഥാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 7:35 pm

ബെര്‍ലിന്‍: ഗസയില്‍ ഇസ്രഈലി ഭരണകൂടം നിരന്തരമായി നടത്തുന്ന അധിനിവേശത്തെയും ആക്രമണത്തെയും വിമര്‍ശിച്ച ലെബനീസ്-ഓസ്ട്രേലിയന്‍ നരവംശശാസ്ത്ര പ്രൊഫസറായ ഗസ്സാന്‍ ഹേഗിനെ പുറത്താക്കി പ്രമുഖ ജര്‍മന്‍ ഗവേഷണ സ്ഥാപനം.

മാക്സ് പ്ലാങ്ക് സൊസൈറ്റിയുടെ ആശയങ്ങളും മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയില്‍ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ ഗസ്സാന്‍ ഹേഗുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഗവേഷണ സ്ഥാപനം പ്രസ്താവനയിറക്കി.

വംശീയത, ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത, വിവേചനം, വിദ്വേഷം, പ്രക്ഷോഭം എന്നിവയ്ക്ക് മാക്സ് പ്ലാങ്ക് സൊസൈറ്റിയില്‍ സ്ഥാനമില്ലെന്നും പ്രസ്താവനയില്‍ ഗവേഷണം പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയ ദിനമായ ഫെബ്രുവരി ഏഴിനാണ് പ്രൊഫസര്‍ ഗസ-ഇസ്രഈല്‍ വിഷയത്തെ സംബന്ധിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കിയതില്‍ സ്ഥാപനമെടുത്ത നടപടിക്കെതിരെ ഗസ്സാന്‍ ഹേഗ് രംഗത്തെത്തി. തന്റെ കാഴ്ചപ്പാടുകളെ വംശീയമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹേഗ് മുന്നറിയിപ്പ് നല്‍കി.

ഇസ്രഈലിനെ വിമര്‍ശിക്കുന്ന തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ യഹൂദവിരുദ്ധമാണെന്ന് ആരോപിച്ച് വലതുപക്ഷ പത്രമായ വെല്‍റ്റ് ആം സോണ്‍ടാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥാപനം തന്നെ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗസയ്ക്കെതിരായ ഇസ്രഈലിന്റെ സൈനിക നടപടികളെയും ഫലസ്തീനികളോടുള്ള ഭരണകൂടത്തിന്റെ പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്ന അധ്യാപകന്‍ കൂടിയാണ് ഗസ്സാന്‍ ഹേഗ്.

തനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിജീവികളല്ലെന്നും പ്രത്യയശാസ്ത്ര കൊലയാളികളെണെന്നും വ്യാഴാഴ്ച എക്സില്‍ ഒരു പ്രസ്താവനയില്‍ ഹേഗ് ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: Lebanese-Australian professor sacked by German research institute