| Wednesday, 10th February 2016, 9:54 am

എന്റെ വിവാഹക്കാര്യം വീടൂ: നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രീതി സിന്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ്താരം പ്രീതി സിന്റയുടെ വിവാഹക്കാര്യത്തില്‍ ഒരു തീരുമാനമാകാതെ യാതൊരു സമാധാനവും കിട്ടാത്ത അവസ്ഥയിലാണ് പാപ്പരാസികള്‍.

താരത്തിന്റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ഇടതടവില്ലാതെ പല വാര്‍ത്തകളും ഇവര്‍ പടച്ചുവിടുന്നുമുണ്ട്, എന്നാല്‍ ഇത്തവണ പ്രീതി സിന്റ അതിന്റെ കലിപ്പ് തീര്‍ത്തത് മാധ്യമങ്ങളോടാണെന്ന് മാത്രം.

തന്റെ വിവാഹക്കാര്യത്തെ കുറിച്ചല്ലാതെ നിങ്ങള്‍ക്ക് എഴുതാന്‍ വേറെ വിഷയമൊന്നുമില്ലേയെന്നാണ് പ്രീതിയുടെ ചോദ്യം. ഇത്തരം നിര്‍മ്മിക്കപ്പെടുന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി വേദനിപ്പിക്കുന്നുണ്ടെന്നും ഒരു ഊഹക്കച്ചവടം പോലെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും താരം പറയുന്നു.

എന്റെ വിവാഹത്തിന് സമയമാകുമ്പോള്‍ ഞാന്‍ തന്നെ അത് എല്ലാവരേയും അറിയിക്കും. അല്ലാതെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കാതിരിക്കൂ എന്നാണ് പ്രീതി പറയുന്നത്.

അമേരിക്കയിലെ സുഹൃത്തുമായി പ്രീതിയുടെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു അടുത്തിടെ പ്രചരിച്ച ഒരു വാര്‍ത്ത. എന്നാല്‍ വാലന്റൈന്‍സ് ഡേ ദിനത്തില്‍ താരം വിവാഹിതയാകുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകള്‍ എഴുതാനായി നിങ്ങള്‍ പേപ്പറും പേനയും എടുക്കരുത്. സത്യസന്ധമായ വാര്‍ത്ത എഴുതാന്‍ നിങ്ങള്‍ തയ്യാറാകണം. വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. അല്പനാള്‍ കൂടി ഒറ്റയ്ക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രീതി പറയുന്നു.

ഇത്തരം സാങ്കല്‍പ്പിക കഥകള്‍ കെട്ടിപ്പടുക്കുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത് തെറ്റായ കാര്യമാണ്. എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് വലിയ അഭ്യൂഹങ്ങള്‍ പരത്തുന്നത്. ഇത് തടയേണ്ടതാണ്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. – പ്രീതി സിന്റ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more