ആദ്യം നിങ്ങളുടെ ഈഗോ കളഞ്ഞ് കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കൂ, എന്നിട്ട് കര്‍ഷകരോട് സംസാരിക്കൂ; കേന്ദ്രത്തോട് അമരീന്ദര്‍ സിംഗ്
national news
ആദ്യം നിങ്ങളുടെ ഈഗോ കളഞ്ഞ് കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കൂ, എന്നിട്ട് കര്‍ഷകരോട് സംസാരിക്കൂ; കേന്ദ്രത്തോട് അമരീന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 8:06 pm

അമൃത്സര്‍: കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഈഗോ കളഞ്ഞ് കര്‍ഷകരോട് സംസാരിക്കൂവെന്നാണ് അമരീന്ദര്‍ പറഞ്ഞത്.

‘കര്‍ഷകരുമായി ചര്‍ച്ച നടത്തിയ ശേഷം കാര്‍ഷിക നിയമങ്ങള്‍ നിര്‍മ്മിക്കുക. അവരുമായി ഒന്നിരുന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തു. എന്തിനാണ് ഈ ഈഗോയും മുറുകെപ്പിടിച്ചിരിക്കുന്നത്’, അമരീന്ദര്‍ സിംഗ് പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലികും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കര്‍ഷകരുടെ അവസ്ഥ കണ്ടിട്ട് തനിക്ക് സഹിക്കാനാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എം.എല്‍.എമാരെ വരെ ആളുകള്‍ തല്ലാന്‍ തുടങ്ങിയോതെടെ ബി.ജെ.പി നേതാക്കള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകരുതെന്ന് കരുതുന്നവരാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ നേരിടുമെന്നും ഗവര്‍ണര്‍ സ്ഥാനത്തില്ലായിരുന്നെങ്കിലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Leave ego, scrap farm laws and talk to farmser, Amarinder to Centre