| Friday, 7th June 2019, 11:16 am

ആര്‍.എസ്.എസിനെ കണ്ട് പഠിക്കൂ; വിജയിക്കണമെങ്കില്‍ ജനങ്ങളുമായി ബന്ധം നിലനിര്‍ത്തണമെന്നും ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി പ്രവകര്‍ത്തകരോട് ആര്‍.എസ്.എസിനെ കണ്ട് പഠിക്കണമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ആര്‍.എസ്.എസിന്റെ ക്ഷമയും സ്ഥിരതയും എന്‍.സി പി പ്രവര്‍ത്തകര്‍ കണ്ട് പഠിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയായിരുന്നു ശരദ് പവാര്‍.

ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് ആര്‍.എസ്.എസുകാര്‍ക്ക് നന്നായി അറിയാമെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.

‘ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത് നിങ്ങള്‍ കണ്ടുപഠിക്കണം. അവര്‍ അഞ്ച് വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ പിന്നീട് വീണ്ടുമെത്തി ആ ഒരു വീട്ടിലെ അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് ആര്‍.എസ്.എസുകാര്‍ക്ക് നന്നായി അറിയാം.’ പാര്‍ട്ടിപ്രവര്‍ത്തകരോട് ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ന് മുതല്‍ വീടുകള്‍ തോറും കയറി വോട്ടര്‍മാരെ നേരില്‍ക്കാണണമെന്നും അങ്ങനെ ചെയ്താല്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓര്‍മ്മവരികയുള്ളോ എന്ന വോട്ടര്‍മാരുടെ പരാതിയും ഇല്ലാതാകുമെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

മുപ്പത്തഞ്ച് സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ക്ക് അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മഹാരാഷ്ട്രയില്‍ നാല് സീറ്റും ലക്ഷദ്വീപില്‍ ഒരു സീറ്റുമാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more