ചരിത്ര നേട്ടത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി പെയ്‌സ് പുതിയ അങ്കത്തിന്
Daily News
ചരിത്ര നേട്ടത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി പെയ്‌സ് പുതിയ അങ്കത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2016, 12:36 am

ന്യൂദല്‍ഹി: വയസ്സ് ഒരു അക്കം മാത്രമാണെന്ന് ലിയാണ്ടര്‍ പെയ്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ പെയ്‌സിന് റെക്കോര്‍ഡുകളോടും അതേ സമീപനം തന്നെ ആയിരിക്കണം. റിയോയില്‍ പുരുഷ ഡബ്ബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം പെയ്‌സ് ആദ്യ മത്സരം കളിക്കാനിറങ്ങുമ്പോള്‍ ലോക ടെന്നീസ് ചരിത്രത്തില്‍ തന്നെ അതൊരു പുതിയ അദ്ധ്യായമാവും. തുടര്‍ച്ചയായി ഏഴ് ഒളിമ്പിക്‌സുകള്‍ പങ്കെടുക്കുന്ന ആദ്യ ടെന്നീസ് താരമെന്ന മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ്.

റിയോയില്‍ മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ തന്റെ ടെന്നീസ് ജീവിതത്തിലെ ഏറ്റവും വലിയ മെഡലുകളൊന്നിന്റെ ഓര്‍മ്മ പങ്ക് വച്ച് പുതിയ മെഡല്‍ സ്വപ്‌നങ്ങള്‍ക്കായി സ്വയം ഉത്തേജിതനാവുകയാണ് പെയ്‌സ്. തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അറ്റ്‌ലാന്റാ ഒളിമ്പിക്‌സില്‍ നേടിയ വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞ് പോഡിയത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് പെയ്‌സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് കരിയറിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തങ്ങളിലൊന്ന് സംഭവിച്ചതെന്ന കുറിപ്പുമുണ്ട് ചിത്രത്തോടൊപ്പം.

വ്യകതിഗത ഇനത്തില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് പെയ്‌സ്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ 16 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ചാണ് പെയ്‌സ് 1996 ല്‍ അറ്റ്‌ലാന്റയില്‍ ടെന്നീസില്‍ വെങ്കലമെഡല്‍ സ്വന്തമാക്കുന്നത്. അതിന് ശേഷം എല്ലാം ഒളിമ്പിക്‌സുകളിലും പെയ്‌സ് പങ്കെടുത്തിരുന്നു. പക്ഷെ അറ്റ്‌ലാന്റയിലെ നേട്ടം ആവര്‍ത്തിക്കാനായില്ല. ഇത്തവണ തന്റെ ഏഴാം ഒളിമ്പിക്‌സിനിറങ്ങുമ്പോള്‍ രാജ്യത്തിനായി ഒരു മെഡല്‍ നേട്ടത്തോടെ ഉജ്ജ്വലമായി തന്നെ കരിയ അവസാനിപ്പിക്കാന്‍ പെയ്‌സിനാവുമോ..? കാത്തിരുന്നു കാണാം.