| Tuesday, 31st December 2013, 2:13 am

തന്നെ മഹാനായ കളിക്കാരനായി വാഴ്ത്തരുതെന്ന് ലിയാണ്ടര്‍ പെയ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: 14 ഗ്രാന്‍സ്ലാം കിരീടങ്ങള്‍, ഒരു ഒളിമ്പിക്‌സ് കിരീടം, 53 എ.ടി.പി കിരീട നേട്ടങ്ങള്‍, ടെന്നീസില്‍ സമാനതളില്ലാത്ത നേട്ടമാണ് ലിയാണ്ടര്‍ പെയ്‌സിന്റേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരനാണ് പെയ്‌സെന്ന് നിസ്സംശയം പറയാം.

എന്നാല്‍ തന്നെ മഹാനായ കളിക്കാരനെന്ന ഗണത്തില്‍ പെടുത്തി വാഴ്ത്തരുതെന്ന് പറഞ്ഞ് വിനയാന്വിതനാവുന്ന പെയ്‌സ്. “മികച്ച സെര്‍വുകള്‍ പുറപ്പെടുവിക്കുന്ന ഒരു താരമല്ല ഞാന്‍.

ബാക്ക് ഹാന്റ് ഷോട്ടിലും ഫോര്‍ഹാന്റ് ഷോട്ടിലും ഞാന്‍ അത്ര മികച്ച താരമല്ല. എന്റെ പങ്കാളികളൊത്തുള്ള പോരാട്ടമാണ് എന്റെ വിജയത്തിന് കാരണം. അതാരായിരുന്നാലും”. നാല്‍പ്പതുകാരനായ പെയ്‌സ് പറഞ്ഞു.

ഗ്രാന്‍സ്ലാം ടുര്‍ണമെന്റിലെ തന്റെ വിജയകുതിപ്പ് 2014ലും തുടരാനാവുമെന്ന പ്രതീക്ഷ പുലര്‍ത്തിയ പെയ്‌സ് 2016 ലെ ബ്രസീല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചതിന് ശേഷമേ ടെന്നീസിനോട് വിടപറയൂ എന്ന് വ്യക്തമാക്കി.

ഇന്ത്യന്‍ ടെന്നീസ് താരങ്ങളുടെ റാങ്കിംഗിലുള്ള വലിയ അന്തരം മാറണമെന്നും പെയ്‌സ് പറഞ്ഞു. ” കഴിവിനും തന്ത്രങ്ങള്‍ക്കും ടെക്‌നിക്കിനും അപ്പുറം നമ്മുടെ കളിക്കാര്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്ന കാര്യത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

വിദേശ കളിക്കാരൊക്കെ 6 ഫീറ്റിന് മുകളില്‍ ഉയരമുള്ളവരാണ്. കളിക്കളത്തില്‍ അവരുടെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതാണ്”. പെയ്‌സ് പറഞ്ഞു.

ചെന്നൈ ഓപ്പണിനായി നഗരത്തിലെത്തിയതായിരുന്നു ലിയാണ്ടര്‍ പെയ്‌സ്. ഇത്തവണ പുതിയ പങ്കാളിയുമായാണ് പെയ്‌സ് സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുന്നത്.

ഇറ്റലിക്കാരനായ ഫാബിയോ ഫോഗിനിയാണ് പെയ്‌സിന്റെ ചെന്നൈ ഓപ്പണിലെ കൂട്ട്. ലോക റാങ്കിംഗില്‍ പതിനെട്ടാം സ്ഥാനത്താണ് ഫോഗിനി.

Latest Stories

We use cookies to give you the best possible experience. Learn more