| Friday, 29th October 2021, 3:14 pm

ലിയാണ്ടര്‍ പേസ് തൃണമൂലില്‍; ഗോവയില്‍ നേരിട്ടെത്തി കരുനീക്കവുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍. ഗോവയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പേസിന്റെ തൃണമൂല്‍ പ്രവേശനം.

‘ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഇനി എനിക്ക് രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കണം. ദീദിയാണ് (മമത ബാനര്‍ജി) യഥാര്‍ത്ഥ ചാമ്പ്യന്‍,’ പാര്‍ട്ടി പ്രവേശനത്തിന് ശേഷം പേസ് പറഞ്ഞു.

2022 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്ന് നേരത്തെ മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

മമത നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ തൃണമൂലിന്റെ കരുനീക്കം.

നേരത്തെ നടി നാഫിസ അലിയും ആക്ടിവിസ്റ്റ് മൃണാളിനി ദേശ്പ്രഭുവും തൃണമൂലില്‍ ചേര്‍ന്നിരുന്നു.

നിലവില്‍ പ്രശാന്ത് കിഷോറിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്.

ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബി.ജെ.പിയും മമതയുടെ നീക്കത്തില്‍ ജാഗരൂകരാണ്.

40 അംഗ ഗോവ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 ഉം ബി.ജെ.പിയ്ക്ക് 13 ഉം സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബി.ജെ.പി ഇവിടെ അധികാരമുറപ്പിക്കുകയായിരുന്നു.

നേരത്തെ ബംഗാളിലെ വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി തൃണമൂലിന് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മമത ആരംഭിച്ചിരുന്നു. അസമില്‍ അഖില്‍ ഗൊഗോയിയുമായി ചേര്‍ന്ന് ഇതിനുള്ള പ്രാരംഭ പദ്ധതികള്‍ മമത ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തിടെ മമത അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ത്രിപുരയും മമത ലക്ഷ്യമിടുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Leander Paes, Actor Nafisa Ali Join Trinamool Eyeing Goa Polls 2022

We use cookies to give you the best possible experience. Learn more