ഡമസ്‌കസ്: കടുത്ത ഇസ്രഈല്‍ വിമര്‍ശകനായ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഇസ്രഈലുമായി രഹസ്യബന്ധം സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബാഷറിന്റെ കാലത്ത് ഇരുസര്‍ക്കാരുകളും തമ്മില്‍ രഹസ്യ ഇടപാടുകള്‍ സൂക്ഷിച്ചിരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന രേഖകളില്‍ ആരോപിക്കുന്നുണ്ട്.
‘വിമതസംഘം’ അധികാരം പിടിച്ചതോടെ ബാഷര്‍ കുടുംബസമേതം റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യരേഖകള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഈ രേഖകളുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡുകളും ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ സ്റ്റാമ്പുകളും ഉള്ളതിനാല്‍ ഔദ്യോഗികമാണെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.
പുറത്തുവന്ന രേഖകള്‍ പ്രകാരം ഇസ്രഈല്‍ ഇറാനില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ചെല്ലാം അസദിന് മുന്‍കൂട്ടി വിവരം ലഭിച്ചതായി സൂചിപ്പിക്കുന്നുണ്ട്. ചില ഓപ്പറേഷനുകളില്‍ സിറിയന്‍ ഭരണകൂടത്തിന് പങ്കുള്ളതായും ദ ന്യൂ അറബിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇറാന്റെയും ഹിസ്ബുല്ലയുടേയും സൈനിക സ്വത്തുക്കള്‍ തടയാന്‍ സിറിയയോട് ഇസ്രഈല്‍ ആവശ്യപ്പെട്ടതായും ഇതാവശ്യപ്പെട്ട് അയച്ച കത്ത് ചോര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ മോസസ് എന്ന രഹസ്യനാമമുള്ള ഒരു പ്രവര്‍ത്തകന്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്‍ സിറിയന്‍ പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അലി മഹ്‌മൂദ് അബ്ബാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സന്ദേശങ്ങള്‍ ദേശീയ സുരക്ഷാ ബ്യൂറോ മുന്‍ മേധാവി അലി മംലൂക്കിന് കൈമാറിയതായി കണ്ടെടുത്ത രേഖകളില്‍ പറയുന്നു.
ഇറാനുമായി സഹകരണം തുടര്‍ന്നാല്‍ സിറിയയ്ക്ക് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇസ്രഈല്‍ കഴിഞ്ഞ ഏപ്രിലില്‍ സിറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മുന്നോടിയായി ഗോലാന്‍ കുന്നുകളില്‍ വെച്ച് റോക്കറ്റ് വിക്ഷേപണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇക്കാലത്തുടനീളവും അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഗവണ്‍മെന്റ് അറബ് ലോകത്തെ ഒരു പ്രതിരോധ അച്ചുതണ്ടായി ഇസ്രഈലിനെതിരെ നിലകൊണ്ടിരുന്നു. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈലുമായി രഹസ്യബന്ധം സൂക്ഷിക്കുകയും ഇറാനിയന്‍ മിലിഷ്യകള്‍ക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയ സൗകര്യമൊരുക്കി നല്‍കിയതായും ആരോപണമുണ്ട്.
അതേസമയം ബാഷറിന്റെ പതനത്തിനുശേഷം പുതുതായി അധികാരത്തില്‍ എത്തുന്ന ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമുമായി സഖ്യമുണ്ടാക്കാന്‍ ഇറാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇസ്രഈലിനോടുള്ള അവരുടെ സമീപനം നിര്‍ണായകമാകുമെന്നും ഇറാന്‍ പറഞ്ഞു.
Content Highlight: Leaked documents shows secret dealings between Assad’s government and Israel