തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിന് അനുവദിച്ച പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.
വിജയരാഘവന്‍. വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലകെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
മുന്നാക്ക സംവരണം യു.ഡി.എഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
” സംവരണേതര വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണമെന്നത് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നയമാണ്. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം.
അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. കേരളത്തില്‍ സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോണ്‍ഗ്രസും ഈ നയത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്.
യു.ഡി.എഫ് പ്രകടനപത്രികയില്‍ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാല്‍ വര്‍ഗീയ സംഘടനകള്‍ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തിറങ്ങി. മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിച്ചു.
അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യു.ഡി.എഫിന്റെ നയമായിട്ടു പോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല,”. വിജയരാഘവന്‍ എഴുതി.