| Thursday, 29th August 2019, 7:35 am

തടയുമെന്നറിയാവുന്നതിനാലാണ് ലീഗ് പോകാതിരുന്നത്; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍. നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശനത്തില്‍ ലീഗ് എം.പിമാര്‍ പങ്കെടുക്കാത്തതിനെതിരെ അണികള്‍ക്കിടയില്‍ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രതികരണം.

‘കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനം ഒട്ടും ജനാധിപത്യപരമല്ല. ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുന്നതാണിത്.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം യൂത്ത് ലീഗ് നിലപാട് തള്ളി ലീഗ് നേതാക്കള്‍ രംഗത്തെത്തി. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ആ സമയത്ത് ദല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്കൊപ്പം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

അതേസമയം മുഹമ്മദ് യൂസഫ് തരിഗാമി എം.എല്‍.എയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് റിട്ട് പരിഗണിച്ചാണ് കോടതി നടപടി.

ചിത്രം കടപ്പാട് – മീഡിയ വണ്‍

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more