| Monday, 7th November 2016, 9:58 am

മതസൗഹാര്‍ദത്തിന് പുത്തന്‍ മാതൃക കാണിച്ച് ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് കൊണ്ടോട്ടി മുതുവല്ലൂര്‍ ക്ഷേത്രത്തില്‍; ക്ഷേത്ര നവീകരണത്തിന് എം.പി വക 10 ലക്ഷവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി എം.പി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും, മതസൗഹാര്‍ദ ചര്‍ച്ചക്കെത്തിയവര്‍ക്ക് ഒരുകപ്പ് സുലൈമാനിയും നല്‍കിയാണ് പി.വി അബ്ദുള്‍ വഹാബ് എം.പി മടങ്ങിയത്.


മലപ്പുറം: മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് ജില്ലയിലെ മതസൗഹാര്‍ദത്തിന് പേരുകേട്ട മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ ശ്രീ ദുര്‍ഗാ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സദസിലെ പ്രത്യേക അതിഥിയായാണ് അദ്ദേഹം എത്തിയത്.

ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി എം.പി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും, മതസൗഹാര്‍ദ ചര്‍ച്ചക്കെത്തിയവര്‍ക്ക് ഒരുകപ്പ് സുലൈമാനിയും നല്‍കിയാണ് പി.വി അബ്ദുള്‍ വഹാബ് എം.പി മടങ്ങിയത്.

ഇസ്‌ലാം മത വിശ്വാസി നല്‍കിയ പണം കൊണ്ടു നവീകരണ പ്രവൃത്തി നടത്തിയതോടെയാണ് ക്ഷേത്രം മതസൗഹാര്‍ദത്തിന്റെ മാതൃകയായത്. കൊണ്ടോട്ടി സ്വദേശിയായ സുലൈമാന്‍ ഹാജിയാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര നവീകരിക്കാനും ഊട്ടുപുര ഒരുക്കാനും പണം നല്‍കിയത്. 400 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് മുതുവല്ലൂര്‍ ദുര്‍ഗാദേവി ക്ഷേത്രം.

കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ എല്ലാ മതസ്ഥരില്‍ നിന്നും ക്ഷേത്രനവീകരണത്തിന് സഹായങ്ങള്‍ സ്വീകരിക്കാനാരംഭിച്ചത്. ഇതോടെ നവീകരണവും വേഗത്തിലായി. ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇതരമതസ്ഥര്‍ക്കും ക്ഷണമുണ്ടാകാറുണ്ട്.

വേനല്‍കാലത്ത് മുതുവല്ലൂര്‍ പരിസരത്തുള്ളവര്‍ ജലത്തിനായി ആശ്രയിക്കുന്നത് ക്ഷേത്രക്കുളമാണ്. അതിനാലാണ് എം.പി ഫണ്ട് ഉപയോഗിച്ച് കുളം നവീകരിക്കാന്‍ തീരുമാനിച്ചത്. നാട്ടിലെ മാത്രമല്ല ജില്ലയിലെ തന്നെ മതസൗഹാര്‍ദത്തിന് മാതൃകയാവുക എന്നതാണ് ഈ പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. ചന്ദ്രന്‍ പറഞ്ഞു.

ഇതിനു പുറമേ ഇന്ത്യന്‍ സൈനികരുടെ ക്ഷേമത്തിനു വേണ്ടി രാജ്യത്ത് ആദ്യമായി മഹാമൃത്യുഞ്ജയ ഹോമവും ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ക്ഷേത്രത്തിലെ ആഘോഷങ്ങളോടനുബന്ധിച്ച നടന്ന അന്നദാനത്തിനുള്ള പച്ചക്കറി അടക്കം നല്‍കിയത് ഗ്രാമത്തിലെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു.

ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനേടത്ത് പദ്മനാഭന്‍ ഉണ്ണി നമ്പൂതിരി മതസൗഹാര്‍ദ സദസിനു നേതൃത്വം നല്‍കി. സ്ഥലത്തെ പ്രമുഖരായ ഹിന്ദു-മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ സൗഹൃദ സദസില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more