| Wednesday, 30th December 2020, 9:21 am

കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന പേടി; തുടരെ അരമനകള്‍ കയറിയിറങ്ങുന്ന കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രൈസ്തവ സഭകള്‍ യു.ഡി.എഫുമായി അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന പേടിയിലാണ് ലീഗ്. ക്രൈസ്തവ സഭകള്‍ സന്ദര്‍ശിച്ചുകൊണ്ട് അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളരാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളുമാണ് ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച പി.കെ കുഞ്ഞാലിക്കുട്ടി മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാത്തോലിക്കാ ബാവയെ സന്ദര്‍ശിച്ചിരുന്നു.

ക്രിസ്തുമസ് ദിനത്തില്‍ മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും , സെന്റ് ജോസഫ് ചര്‍ച്ചിലും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശനം നടത്തിയിരുന്നു.

മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്റെയും മാനവികതയുടെയും മൂല്യങ്ങള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് കര്‍ദിനാളുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതായി കാണുന്നു എന്നാണ് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചതിനു ശേഷം കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കോണ്‍ഗ്രസ് അനുകൂലിച്ചിട്ടും സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് രംഗത്തെത്തിയതോടെ യു.ഡി.എഫുമായി അകന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിച്ചില്ലെങ്കില്‍ ഇടത് പാളയത്തില്‍ ലീഗിന് അഭയം തേടേണ്ടി വരുമെന്ന പാര്‍ട്ടിക്കകത്തുള്ള അടക്കം പറച്ചിലുകള്‍ക്കൊടുക്കമാണ് സഭകളെ സന്ദര്‍ശിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇറങ്ങിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

ക്രിസ്ത്യന്‍ യുവതികളെ തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ മതം മാറ്റുന്നുവെന്ന് സീറോ മലബാര്‍ സഭകള്‍ ആരോപിക്കുന്നുണ്ട്. അതു പോലെ ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ സിംഹഭാഗവും മുസ്‌ലിം സമുദായം കൈപ്പറ്റുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ലീഗ് സഭാ സന്ദര്‍ശനം നടത്തുന്നത്.

മുസ്‌ലിം ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ എല്‍.ഡി. എഫ് ഇസ്‌ലാമോഫോബിയ വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നാണ് ലീഗിന്റെ വിമര്‍ശനം.

ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: League leadership meets church leaders

We use cookies to give you the best possible experience. Learn more