സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ലീഗ് നേതാക്കളും ബഹാവുദ്ദീന്‍ നദ്‌വിയും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്
Kerala News
സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ലീഗ് നേതാക്കളും ബഹാവുദ്ദീന്‍ നദ്‌വിയും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 11:51 am

കോഴിക്കോട്: സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കളും ലീഗുമായി അടുത്ത് നില്‍ക്കുന്ന ഡോ.ബഹാവുദ്ദീന്‍ നദ്‌വിയും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മീഡിയവണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റര്‍ ആന്റ് പബ്ലിഷര്‍ പദവിയിലിരിക്കുന്ന വ്യക്തി കൂടിയാണ് സമസ്തയില്‍ ലീഗുമായി ഏറെ അടുത്ത് നില്‍ക്കുന്ന ബഹാവുദ്ദീന്‍ നദ്‌വി.

മെയ് 18നാണ് സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ദുബൈ വുമണ്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്നത്. അന്നേ ദിവസം തന്നെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗവും കോഴിക്കോട് നടക്കുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട് എന്ന കാരണത്താലാണ് ലീഗ് നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ സുപ്രഭാതത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന ബഹാവുദ്ദീന്‍ നദ്‌വി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം ലീഗില്‍ നിന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇരുവരും അന്നേ ദിവസം കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന കമ്മിറ്റി യോഗമെന്ന നിലക്ക് പ്രസ്തുത യോഗം നിര്‍ണായകമാണെന്നും വിട്ടുനില്‍ക്കാനാകില്ലെന്നുമാണ് മുസ്‌ലിം ലീഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം ദുബൈയില്‍ പരിപാടിയില്‍ സി.പി.ഐ.എം നേതാവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയ ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കമാണ് സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലീഗ് നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ലീഗുമായി അടുത്ത് നില്‍ക്കുന്ന ബഹാവുദ്ദീന്‍ നദ്‌വി കൂടി മാറിനില്‍ക്കുന്നതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് ഒരു വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയതും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സുപ്രഭാതം പത്രം കത്തിച്ചതും ഈ തര്‍ക്കം രൂക്ഷമാക്കുകയും ചെയ്തിരുന്നു.

ലീഗിനെതിരെ പ്രവര്‍ത്തിച്ച സമസ്തയിലെ ഒരു പ്രധാനപ്പെട്ട നേതാവ് സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സാദിഖലി തങ്ങളെ വന്ന് കണ്ടിരുന്നെന്നും എന്നാല്‍ അവരുമായി ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും പോലും അദ്ദേഹം തയ്യാറായില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് സമസ്ത പ്രതീക്ഷിക്കുന്നത്.

content highlights: League leaders and Bahauddin Nadvi reportedly absent from inauguration of Suprabhatam Gulf edition