| Wednesday, 31st July 2019, 9:36 pm

ലീഗ് പ്രവര്‍ത്തകനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഷാനി; വ്യക്തമായ ഉത്തരം നല്‍കാതെ ലീഗ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊന്നപ്പോള്‍ നേതൃത്വം എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ചാനല്‍ ചര്‍ച്ചയില്‍ ലീഗ് നേതാവ്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മുന്നിലാണ് ലീഗ് നേതാവ് യു.എ ലത്തീഫ് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്.

കണ്ണൂര്‍ ആദികടലായിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തിങ്കളാഴ്ച വെട്ടേറ്റ് മരിച്ചിരുന്നു. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്.

ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ലത്തീഫ് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്.

‘കണ്ണൂരില്‍ ഒരു ലീഗ് പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലീഗ് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.’ എന്നായിരുന്നു ഷാനിയുടെ ചോദ്യം.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചല്ലോ എന്നായിരുന്നു ലത്തീഫിന്റെ മറുപടി. എന്നാല്‍ എപ്പോള്‍ പ്രതിഷേധിച്ചുവെന്നും ആര് പ്രതിഷേധിച്ചുവെന്നുമുള്ള ചോദ്യത്തിന് ലത്തീഫ് വ്യക്തമായ മറുപടി നല്‍കിയില്ല.

‘ഞങ്ങള്‍ പ്രതിഷേധിച്ചിട്ടില്ലായെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. ഞങ്ങള്‍ എസ്.ഡി.പി.ഐയെ എതിര്‍ക്കുന്ന പോലെ സി.പി.ഐ.എം പോലും എതിര്‍ക്കുന്നില്ലല്ലോ.’ എന്നായിരുന്നു ലത്തീഫിന്റെ മറുപടി.

നേരത്തെ കൊലപാതകത്തിന് ശേഷം ലീഗ് നേതാക്കള്‍ അനുശോചിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സമാനമായി തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതും വാര്‍ത്തയായിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more