കൊച്ചി: ചാനല്‍ ചര്‍ച്ചയ്‌ക്കെത്തിയ ജസ്‌ല മാടശ്ശേരിയെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം. ജസ്‌ലയ്ക്ക് കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരം ഇല്ലെന്നും ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന പ്രകൃതമല്ല അവര്‍ക്കെന്നുമായിരുന്നു ഷാഫിയുടെ പരാമര്‍ശം.
റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. ജസ്‌ലയുടെ സാമൂഹിക ഇടപെടല്‍ താന്‍ വീക്ഷിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്‌നയായി നിര്‍ത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ എടുത്തിടുന്ന ഇവര്‍ ഒരു വൃത്തിക്കെട്ട സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഷാഫി പറഞ്ഞു.
കേരളത്തിന്റെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ജസ്‌ലയ്ക്ക് ഒരു യോഗ്യതയുമില്ല. കേരളത്തില്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന പ്രകൃതമല്ല ഇവര്‍ക്ക്. ഒരു പെണ്ണിന്റെ പുറത്ത് ചിത്രം വരയ്ക്കുന്നതാണോ കല. കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരം അതാണോയെന്നും ഷാഫി ചോദിച്ചു.
ഞങ്ങളൊക്കെ രാഷ്ട്രീയക്കാരാണ്. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഇവരൊക്കെയാണോ ഞങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കൊണ്ടിരുത്തുന്നത്. മുസ്‌ലിം ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയാണോ നിങ്ങള്‍ കൊണ്ടുവന്നത് എന്നും ഷാഫി ചോദിച്ചു.
ഇവര്‍ കുറെ നേരമായി തുള്ളി കളിക്കുന്നു. ഇതിന്റെ വായില്‍ എന്തെങ്കിലും തിരുകി കയറ്റ് എന്നും ചര്‍ച്ചയ്ക്കിടെ ലീഗ് നേതാവ് പറയുന്നുണ്ടായിരുന്നു. നേരത്തെ ലീഗിന് നേരെ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നത് സര്‍ക്കാരാണെന്ന് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ആരോപിച്ചിരുന്നു. ഹരിതയിലെയും എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.
അതേസമയം എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ പറഞ്ഞു.
ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും തഹ്ലിയ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും സംസ്ഥാന ഭാരവാഹികളാണെന്നും തഹ്ലിയ പറഞ്ഞു. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
League leader insults Jasla Madassery who came to the channel discussion