[]
കോഴിക്കോട്: ആഡംബര വിവാഹത്തിനും വിവാഹധൂര്‍ത്തിനുമെതിരെ ശക്തമായ പ്രചാരണ പരിപാടികളുമായി മുസ്‌ലിം ലീഗ് രംഗത്ത്. മറ്റു സംഘടനകളുമായി യോജിച്ചു കൊണ്ട് ശക്തമായ പ്രചാരണ പരിപാടികളാണ് ലീഗ് നടത്തുന്നത്.
വിവാഹ ധൂര്‍ത്ത് ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും ആഡംബര വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന നിര്‍ദേശം പാര്‍ട്ടി കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ നേതൃത്വം നല്‍കുന്ന മഹല്ല കമ്മിറ്റികളിലും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനും ലീഗ് തീരുമാനിച്ചു.
എല്ലാ മതസംഘടനകളുടെയും സംയുക്ത യോഗം വിളിച്ച് ചേര്‍ത്ത് ആഡംബരവിവാഹം സംബന്ധിച്ച് അഭിപ്രായ സമന്വയം സൃഷ്ടിക്കും.
ആഡംബര വിവാഹത്തിനെതിരായ കാമ്പയിനിന്റെ ഭാഗമായി കുറ്റിയാടി, കായക്കൊടി, വേളം, മരുതോങ്കര, നരിപ്പറ്റ, നാദാപുരം, കാവിലുംപാറ തുടങ്ങിയ പഞ്ചായത്തുകളില്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത് സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് പാര്‍ട്ടിയുടെ തീരുമാനം.
വിവാഹ ആര്‍ഭാടവും ധൂര്‍ത്തും മുസ്‌ലിം സമൂഹത്തില്‍ അതിരുവിട്ട നിലയില്‍ വ്യാപകമാണെന്ന ആക്ഷേപം സമുദായ സംഘടനകള്‍തന്നെ അടുത്തയിടെ ഉയര്‍ത്തിയിരുന്നു. ലീഗ് സംസ്ഥാന നേതൃത്വം പരസ്യമായി ആഡംബര വിവാഹങ്ങള്‍ക്കെതിരെ വിമര്‍ശം ഉയര്‍ത്തിയതോടെയാണ് സമുദായ സംഘടനാ നേതാക്കള്‍ ധൂര്‍ത്തിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങിയത്.