| Saturday, 11th December 2021, 6:59 pm

'അറിയാതെ ഉപയോഗിച്ചുപോയതാണ്'; മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ മുദ്രാവാക്യത്തില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍. കണ്ണൂര്‍ സ്വദേശി് താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണ്. വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ്. പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണ്. ആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍. മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പരിപാടിയില്‍ പ്രസംഗിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു.

അതേസമയം, വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  League activist apologizes for abusive slogans against CM

We use cookies to give you the best possible experience. Learn more