അക്കാര്യത്തില്‍ മാറ്റമില്ല, പി.എസ്.ജി വിടും; മെസിയുടെ ട്രാന്‍സ്ഫറില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫാബ്രിസിയോ റൊമാനോ
football news
അക്കാര്യത്തില്‍ മാറ്റമില്ല, പി.എസ്.ജി വിടും; മെസിയുടെ ട്രാന്‍സ്ഫറില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫാബ്രിസിയോ റൊമാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st June 2023, 6:15 pm

ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പുതിയ അപ്‌ഡേഷനുമായി പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ. മെസി ഈ സീസണോടെ പി.എസ്.ജി വിടും എന്ന കാര്യം പി.എസ്.ജി കോച്ച് ക്രിസ്റ്റോഫ് ഗാല്‍റ്റിയറെ ഉദ്ധരിച്ച് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. ഈ വാരാന്ത്യത്തില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ക്ലെര്‍മോണ്ടിനെതിരെ പി.എസ്.ജിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കും,’ പി.എസ്.ജി കോച്ച് പറഞ്ഞതായി ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

 


കഴിഞ്ഞ ദിവസം പി.എസ്.ജി അവരുടെ പുതിയ ജേഴ്‌സി പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് മെസി പി.എസ്.ജിയില്‍ തന്നെ തുടരുമെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പി.എസ്.ജി കോച്ചിന്റെ സ്ഥിരീകരണം.

അങ്ങനെയെങ്കില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങും. എന്നാല്‍ അടുത്ത സീസണില്‍ മെസി എങ്ങോട്ട് പോകുമെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോഴും വിരാമമായിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചിരുന്നത്.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: Leading sports journalist and transfer expert Fabrizio Romano with a new update on Lionel Messi’s transfer