കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലെ നേതാക്കളെ എം.എസ്.എഫ് ഭാരവാഹികള്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ ലീഗില്‍ തന്നെ പ്രതിഷേധം.
കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഇത് വാദിയെ പ്രതിയാക്കുന്ന നടപടിയാണെന്നാണ് ഹരിതയുടെയും ലീഗിലെ തന്നെ ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്.
ബുധനാഴ്ച രാത്രിയിലാണ് അടിയന്തരമായി ലീഗ് നേതൃത്വം വിഷയത്തില്‍ ഹരിത നേതാക്കളടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്. രാത്രിയില്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള പ്രയാസം അറിയിച്ചെങ്കിലും അടിയന്തര ചര്‍ച്ചയാണെന്നു വ്യക്തമാക്കിയാണ് നേതൃത്വം യോഗം വിളിച്ച് ചേര്‍ത്തത്.
പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, പി.എം.എ. സലാം, പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്.
നവാസിനെതിരെ നടപടി വേണമെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. മുനീറും അനുഭാവ നിലപാട് സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ യോഗത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ എത്തിയതോടെ യോഗ തീരുമാനങ്ങള്‍ എകപക്ഷീയമാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പാണക്കാട് കുടുംബത്തിന് പുറത്തേക്ക് പ്രശ്‌നം കൊണ്ടുപോയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
എം.എസ്.എഫിലെ പ്രശ്‌നത്തിന് വനിതാ കമ്മീഷനില്‍ പോയത് പുതിയ കീഴ്‌വഴക്കത്തിന് കാരണമാകുമെന്നാണ് നേതൃത്തിന്റെ ആശങ്ക. പാര്‍ട്ടിയിലെ വലിയ പ്രശ്‌നങ്ങള്‍ പോലും പാണക്കാട് കുടുംബത്തിലേക്ക് വിടുകയാണ് പതിവ്. എന്നാല്‍ ഹരിതയുടെ നിലപാട് അനുവദിച്ചുകൊടുത്താല്‍ പല പ്രശ്‌നങ്ങളും പുറത്തേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. യോഗത്തില്‍ എം.കെ. മുനീര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മൗനം പാലിച്ചപ്പോള്‍ പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം, നേരത്തെയും സാദിഖലി തങ്ങള്‍ പി.കെ. നവാസിനെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും ഇതിനാലാണ് വനിതാ കമ്മീഷനില്‍ പോയതെന്നുമാണ് ഹരിതയുടെ നിലപാട്.
വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കില്ല
എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിത നേതാക്കളുടെ നിലപാട്. പി.കെ. നവാസിന്റെ ഖേദപ്രകടനമല്ലെന്നും. നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.
എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
അതേസമയം അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.
താന്‍ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി.കെ. നവാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഹരിത’ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.
കഴിഞ്ഞ ആഴ്ച ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. ജൂണ്‍ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച് കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് ഹരിത നേതാക്കള്‍ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Leadership to take stern action against Haritha if women commission complaint is not withdrawn