ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണ നേതൃത്വം: രത്തന്‍ ടാറ്റ
India
ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണ നേതൃത്വം: രത്തന്‍ ടാറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2013, 1:39 pm

[]ന്യൂദല്‍ഹി: ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ. സി.എന്‍.എന്‍-ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റ ഇക്കാര്യം പറഞ്ഞത്.

വ്യക്തി താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ രാജ്യത്തിന്റെ പുരോഗതിക്കായി നേതാക്കള്‍ ഒന്നിച്ച് മുന്നോട്ട് പോകണമെന്നും രത്തിന്‍ ടാറ്റ പറഞ്ഞു. []

താന്‍ ബഹുമാനിക്കുന്ന എല്ലാ നേതാക്കളും അവരുടെ പൊതുജീവിതം കൊണ്ടാണ് ബഹുമാനം നേടിയെടുത്തത്. എന്നാല്‍ ഇന്ന് ആ നേതൃത്വം ഇല്ല. മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കുന്ന നേതൃത്വമാണ് വേണ്ടത്.

മന്‍മോഹന്‍ സിങ് മികച്ച പ്രധാനമന്ത്രിയാണെന്നും എന്നാല്‍ മൊത്തം നേതൃത്വം പോകുന്നത് പലവഴിക്കാണെന്നും രത്തന്‍ ടാറ്റ പറഞ്ഞു. നേതൃത്വം ഒന്നിച്ച് നിന്ന് ഒറ്റ ലക്ഷ്യത്തിനായി മു്‌ന്നോട്ട് പോകണം.

എല്ലാവരും ഇന്ത്യക്കാരാണെന്നുള്ള ബോധമാണ് ആദ്യം വേണ്ടത്. അത് കഴിഞ്ഞ് മാത്രമേ നാം വിവിധ ഭാഷകളും സംസ്‌കാരവുമുള്ളവരാകുന്നുള്ളൂ. കുറച്ച് നാളുകളായി ഇന്ത്യയുടെ പുരോഗതി പുറകോട്ടേക്കാണ്.