കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ അധ്യക്ഷനേയും ജനറല്‍ സെക്രട്ടറിയേയും പുതുതായി തെരഞ്ഞെടുക്കണമെന്ന ആവശ്യമാണ് അണികള്‍ക്കിടയില്‍ ഉയരുന്നത്.
ജൂണ്‍ 26 ന് സംസ്ഥാനത്തെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്‍പില്‍ ഈ ആവശ്യം നിര്‍ദേശിക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് സംസ്ഥാന അധ്യക്ഷനെതിരായ ഭിന്നത ആദ്യം പരസ്യമാക്കിയത്.
ഇപ്പോഴത്തെ രീതി മാറ്റി എന്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു.
“ജനാധിപത്യത്തെക്കുറിച്ച് വാചാലരാകുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അങ്ങനെയിരിക്കെ പിന്നെ എന്തുകൊണ്ടാണ് പാര്‍ട്ടി അതിന്റെ സംസ്ഥാന അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്താത്തത്”- എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനുത്തരം പറയേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണെന്നും അദ്ദേഹം പറഞ്ഞു.
“കോണ്‍ഗ്രസ് പോലെയല്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അമിത് ഷാ തന്നെ പറയാറുള്ളത്, ബി.ജെ.പിയില്‍ ഏതൊരു സാധാരണക്കാരനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുന്നുവെന്നാണ്.
27 കോടിയുടെ മയക്കുമരുന്നും കളളനോട്ടുമായി മണിപ്പൂരില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
2007 മുതല്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന ആളാണ് ഞാന്‍. ബി.ജെ.പി എങ്ങനെയാണെന്നും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണെന്നും അടുത്തറിഞ്ഞ ആള്‍. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കാന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ സൂറത്തില്‍ പോയിട്ടുണ്ട്. അന്ന് എനിക്ക് പാര്‍ട്ടിയെ കുറിച്ച് ഏറെ മതിപ്പ് തോന്നി. പക്ഷേ 2016 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കണ്ട് ഞാന്‍ തന്നെ അമ്പരന്നുപോയി. ബംഗാളില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു”-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ കൂടിയായ ചന്ദ്രബോസ് പറയുന്നു.
എന്നാല്‍ ചന്ദ്രബോസിന്റെ വാദത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്തെത്തി. ബോസ് അരാഷ്ട്രീയ വാദിയാണെന്നും ബി.ജെ.പിയുടെ സംസ്‌ക്കാരത്തെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം.
എല്ലാവരുമായി ആലോചിച്ച ശേഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അത് ഒരു ഏകപക്ഷീയമായ തീരുമാനമല്ല. ഇദ്ദേഹം ഒരു അമേച്വര്‍ രാഷ്ട്രീയക്കാരാണ്, അദ്ദേഹത്തിന് രാഷ്ട്രീയം എന്തെന്ന് അറിയില്ല. തുടക്കത്തില്‍ ബംഗാള്‍ ബി.ജെ.പിയില്‍ അമേച്വര്‍ രാഷ്ട്രീയക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി ബംഗാളില്‍ വളരാതിരുന്നത്.
സോഷ്യല്‍ മീഡിയ എന്നത് നിരാശകള്‍ ഇറക്കിവെക്കാന്‍ കഴിയുന്ന ഒരു ഇടമാണ്. എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ഇപ്പോഴും സംഘടനാ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.