| Thursday, 14th December 2023, 10:15 pm

ഡി.എം.ഡി.കെയില്‍ നേതൃമാറ്റം; ജനറല്‍ സെക്രട്ടറിയായി പ്രേമലത, പ്രസിഡന്റായി വിജയകാന്ത് തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശിയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകത്തിന് പുതിയ നേതൃത്വം. വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെയുടെ ട്രഷററും ആയിരുന്ന പ്രേമലതയെ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചു. വിജയകാന്ത് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരും.

വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍, 18ാം എക്‌സിക്യൂട്ടിവ് യോഗങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. വിജയകാന്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഈ നേതൃമാറ്റം. പ്രസ്തുത യോഗത്തില്‍ നിരവധി പ്രമേയങ്ങള്‍ പാര്‍ട്ടി പാസാക്കിയാതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ വനിതാ മേധാവികള്‍ക്കും പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വിജയകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ മറ്റൊരു പ്രമേയം.

സ്റ്റാലിന്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിലവര്‍ധനവ്, വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം, പ്രകൃതിദുരന്തങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ സംരക്ഷിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി, ദുരന്തനിവാരണത്തിന് മതിയായ ആസൂത്രണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മറ്റു പ്രമേയങ്ങള്‍. ലോകസഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ എടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും സഖ്യസാധ്യതകളെ കുറിച്ചുമെല്ലാം വരും ദിവസങ്ങളില്‍ പാര്‍ട്ടി തീരുമാനിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് വിജയകാന്ത് ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് വിജയകാന്തിന് പാര്‍ട്ടി കാര്യങ്ങളില്‍ കൃത്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ നേതൃമാറ്റം. 2005 സെപ്റ്റംബര്‍ 14ന് പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ വിജയകാന്താണ് ഡി.എം.ഡി.കെയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും.

Content Highlight: Leadership change at DMDK; Premalatha Vijayakanth as General Secretary

We use cookies to give you the best possible experience. Learn more