ന്യൂദല്‍ഹി: രാഷ്ട്രീയ ജനതാദളില്‍ നിന്ന് മൂന്ന് എം.എല്‍.എ മാരെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍. ആത്മാഭിമാനമുളള ഒരു നേതാവിനും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍.ജെ.ഡി എന്നാണ് അദ്ദേഹം പറഞ്ഞത്.
തേജസ്വി യാദവാണ് ആര്‍.ജെ.ഡിയുടെ അവസാനവാക്ക്. എല്ലാത്തിനും തീരുമാനമെടുക്കുന്നതും നിയന്ത്രിക്കുന്നതും തേജസ്വിയാണ്. അതുകൊണ്ടു തന്നെയാണ് ആത്മാഭിമാനുള്ള ഒരാള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി ആര്‍.ജെ.ഡി മാറിയത്.
ബീഹാറില്‍ ഇനിയുള്ള കാലം ആര്‍.ജെ.ഡിക്ക് വേരുറപ്പിക്കാന്‍ കഴിയില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ല.
അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നന്നായി അറിയാം. നിതീഷിനെ അത്ര പെട്ടെന്ന് അവര്‍ തള്ളിക്കളയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തിയും , ജെ.ഡി.യുവും ബി.ജെ.പിയും ഒന്നിച്ച് നില്‍ക്കും.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപികരിക്കുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആര്‍.ജെ.ഡി പല അംഗങ്ങളെ പുറത്താക്കുന്നതും ചിലര്‍ പാര്‍ട്ടി സ്വയം വിടുന്നതിനും കാരണം.
അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എം.എല്‍.എമാരെ പുറത്താക്കാനുള്ള അധികാരം ആര്‍ജെഡിക്കുണ്ടെന്നും പുറത്താക്കപ്പെട്ട മൂന്ന് എം.എല്‍.എ മാരും സംഘടന വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് പുറത്താക്കിയതെന്നും ആര്‍.ജെ.ഡി നേതാവ് ആലോക് കുമാര്‍ പറഞ്ഞു.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlights: bjp mla slams rjd