ന്യൂദല്‍ഹി: ടെലി പ്രോംറ്ററില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് തേതാവ് ജയറാം രമേശ്. രാഹുല്‍ ഗാന്ധിയും ജയറാം രമേശും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തെ സംബന്ധിച്ച് നടക്കുന്ന വിവാദങ്ങളില്‍ ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തന്റെ ലണ്ടന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അതില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസ്താവനയെ ജയറാം രമേശ് തിരുത്തുകയും അത് ബി.ജെ.പി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതില്‍ പ്രതികരണവുമായാണ് ജയറാം രമേശ് എത്തിയത്.
‘ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ബി.ജെ.പിയുടെ ഫേക്ക് ന്യൂസ് മെഷീന്‍ വഴി വളച്ചൊടിക്കും. അതുകൊണ്ട് ഞാന്‍ ചൂണ്ടികാണിച്ചയുടനെ അദ്ദേഹം അത് പെട്ടെന്ന് തിരുത്തി.
ഞങ്ങള്‍ ടെലി പ്രോംറ്റര്‍ ഇല്ലാതെ സ്വതന്ത്രമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കും. ഇപ്പോള്‍ നടക്കുന്നത് മോദാനി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ്’, ജയറാം രമേശ് പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ താന്‍ പാര്‍ലമെന്റിലെ ഒരു അംഗമാണെന്നും പാര്‍ലമെന്റില്‍ സംസാരിക്കുക എന്നത് തന്റെ ജനാധിപത്യാവകാശമാണെന്നും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ തത്സമയം ‘നിര്‍ഭാഗ്യവശാല്‍’ എന്ന പ്രയോഗം ബി.ജെ.പി കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് ജയറാം രമേശ് പറയുകയായിരുന്നു. ഇത് മൈക്കിലൂടെ പുറത്തേക്ക് കേള്‍ക്കുകയും പിന്നീട് വൈറലാകുകയുമായിരുന്നു.
പിന്നീട് പല ബി.ജെ.പി നേതാക്കളും ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
എത്ര നാള്‍ ഇങ്ങനെ അദ്ദേഹത്തെ പഠിപ്പിക്കുമെന്ന് ബി.ജെ.പി നേതാവ് സാമ്പിത് പത്ര ട്വീറ്റ് ചെയ്തു.
ജയറാം രമേശ് ആണോ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക മുത്തശ്ശിയെന്നും സ്വന്തമായി ഒരു അഭിപ്രായവും പറയാന്‍ കഴിയാത്ത അദ്ദേഹത്തെയാണോ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും അമിത് മല്‍വിയയും ട്വീറ്റ് ചെയ്തു.
content highlight: Leaders will speak without a teleprompter; What is happening now is to divert attention from the Mohani scam: Jairam Ramesh