ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ജയ്താപ്പൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആണവറിയാക്ടറുകളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.[]
സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗം സീതാറാം യെച്ചൂരി, സി.പി.ഐ നേതാക്കളായ എ.ബി. ബര്‍ദന്‍, ഡി. രാജ, ലോക്ജനശക്തി നേതാവ് രാം വിലാസ് പാസ്വാന്‍, തെലുങ്കുദേശത്തിലെ നാമനാഗേശ്വര റാവു, ജനതാദള്‍ എസ്സിലെ ഡാനിഷ് അലി എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ജയ്താപ്പൂരിലെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദേശീയസമിതിയുടെ പേരിലാണ് കത്ത് നല്‍കിയത്. 2011 ജൂണിലെ കണക്കുപ്രകാരം ജയ്താപുരില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അറീവ കമ്പനി കടത്തിലാണെന്നും കത്തിലുണ്ട്.
അറീവ കമ്പനി 2.77 ബില്യണ്‍ ആണ് പദ്ധതിയ്ക്കായി നീക്കിവെച്ചത്. എന്നാല്‍ 2011 ല്‍ കമ്പനി 2 ബില്യന്‍ നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ ജയ്താപൂര്‍ ആണവനിലയത്തിന്റെ സാമ്പത്തിക അടിത്തറ ഏറെ പിറകിലാണെന്നും ഇവര്‍ പറയുന്നു.
ജയ്താപൂര്‍ നിവാസികള്‍ക്കൊന്നും ആണവനിലയില്‍ താത്പര്യമില്ലെന്നും എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.
അതേസമയം ആണവറിയാക്ടറുകളുടെ സുരക്ഷയെയും ചെലവിനെയും കുറിച്ച് വിദഗ്ധരും പാര്‍ലമെന്റംഗങ്ങളും നാട്ടുകാരുമൊക്കെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ അതൊന്നും കണക്കിലെടുക്കുന്നില്ലെന്നാണ് ആരോപണം.
ജനങ്ങളുടെ താത്പര്യം കണക്കിലെടുക്കാതെ ആണവനിലയപദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. നിലയത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് നിബന്ധനകള്‍ പാലിച്ചല്ലെന്നും കത്തില്‍ പറയുന്നു.