കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വിവിധ നേതാക്കൾ.
ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗം എന്നത് തീവ്രത വർധിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അദ്ദേഹത്തിന്റെ വിയോഗം സി.പി.ഐയുടെ മാത്രം ദുഃഖമല്ല മറിച്ച് ഇടതുപക്ഷത്തിന്റെ ആകെ നഷ്ടമാണെന്നും കാനത്തിന്റെ വിടവാങ്ങൽ ഞെട്ടലോടെയാണ് കേട്ടതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
മരണാനന്തര ചടങ്ങുകളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
സി.പി.ഐ.എമ്മിനെയും സി.പി.ഐയെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട് എന്നും ഗോവിന്ദൻ പറഞ്ഞു.
കാനത്തിന്റെ മരണം ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ അറിയിച്ചു.
വാഴൂരിൽ നിന്ന് രണ്ട് തവണ നിയമസഭാ അംഗമായ കാനം 2015 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്.