| Tuesday, 1st June 2021, 8:49 pm

വാക്‌സിന്‍ സമത്വം ഉറപ്പുവരുത്താന്‍ ലോക രാജ്യങ്ങള്‍ സഹകരിക്കണം; സഹായം അഭ്യര്‍ത്ഥിച്ച് ആഗോള സംഘടനകളുടെ തലവന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ തുല്യമായി നല്‍കാന്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണമെന്ന് ആഗോള സംഘടനകളുടെ തലവന്മാര്‍. ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ലോക വ്യാപാര സംഘടന എന്നീ നാല് ആഗോള സംഘടനകളുടെ മേധാവികളാണ് ചൊവ്വാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇങ്ങനേയൊരു അഭ്യര്‍ത്ഥന നടത്തിയത്.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ, ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്, ലോക വ്യാപാര സംഘടന ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവാല എന്നിവരാണ് സംയുക്ത അഭ്യര്‍ത്ഥന നടത്തിയത്.

സമ്പന്ന, ദരിദ്ര രാജ്യങ്ങള്‍ തമ്മിലുള്ള വാക്‌സിന്‍ അസമത്വം ആഗോളതലത്തില്‍ വളരെ കൂടുതലാണെന്ന് ആഗോള സംഘടനകളുടെ മേധാവികള്‍ വിലയിരുത്തി. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യത കുറവായതിനാലാണ് കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇടക്കിടെ പിറവിയെടുക്കന്നതെന്നും നാല് സംഘടനാ തലവന്‍മാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിലൂടെ സംയുക്തമായി പറഞ്ഞു.

ജൂണ്‍ അവസാനം യു.കെയില്‍ നടക്കുന്ന യോഗത്തില്‍ ജി. സെവന്‍ രാജ്യങ്ങളോട് ധനസഹായം അടക്കമുള്ള സഹകരണങ്ങള്‍ അവശ്യപ്പെടും. ഐ.എം.എഫ് ഇതിനകം മുന്നോട്ടുവെച്ച 50 ബില്യണ്‍ ഡോളറിന്റെ പദ്ധതിക്ക് ധനസഹായം നല്‍കാന്‍ ജി. സെവന്‍ രാജ്യങ്ങള്‍ സമ്മതിച്ചതായി ഇവര്‍ അറിയിച്ചു.

വാക്‌സിന്‍ അസമത്വം ലോകത്ത് കുടുതലാണെന്ന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന
പ്രഖ്യാപിച്ചിരുന്നു. സമ്പന്ന രാജ്യങ്ങളോട് വാക്‌സിന്‍ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവ്യശ്യപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Leaders of global organizations urge nations to work together to make covid vaccine available equally to all countries in the world

We use cookies to give you the best possible experience. Learn more