വര്‍ഗീയ കലാപങ്ങളില്‍ ആശങ്ക; മോദിയുടെ 'നിശബ്ദത'യെ ചോദ്യം ചെയ്ത് 13 പ്രതിപക്ഷ നേതാക്കള്‍
national news
വര്‍ഗീയ കലാപങ്ങളില്‍ ആശങ്ക; മോദിയുടെ 'നിശബ്ദത'യെ ചോദ്യം ചെയ്ത് 13 പ്രതിപക്ഷ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 17, 02:49 am
Sunday, 17th April 2022, 8:19 am

ന്യൂദല്‍ഹി: രാജ്യത്ത് അടുത്തിടെ നടന്ന വിദ്വേഷ പ്രസംഗങ്ങളിലും വര്‍ഗീയ കലാപങ്ങളിലും അഗാധമായ ആശങ്ക രേഖപ്പെടുത്തി 13 പ്രതിപക്ഷ നേതാക്കള്‍. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍,ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് തങ്ങളുടെ ആശങ്കവ്യക്തമാക്കിയിരിക്കുന്നത്.

ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങള്‍, ഭാഷ എന്നിവ ‘ഭരണ സ്ഥാപനങ്ങള്‍ സമൂഹത്തെ ധ്രുവീകരിക്കാന്‍ ബോധപൂര്‍വം ഉപയോഗിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് വര്‍ഗീയ കലാപം നടത്തുന്നവരെ ശക്തമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മതാന്ധത പ്രചരിപ്പിക്കുന്നവരുടെയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും നമ്മുടെ സമൂഹത്തെ പ്രകോപിപ്പിക്കുന്നവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരെ സംസാരിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ മൗനം തങ്ങളെ ഞെട്ടിച്ചുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്, അവര്‍ക്ക് ഔദ്യോഗിക മായി സംരക്ഷണം കിട്ടുന്നവരാണെന്ന് തോന്നുന്നു, അവര്‍ക്കെതിരെ അര്‍ത്ഥവത്തായതും ശക്തവുമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല,’ നേതാക്കള്‍ പറഞ്ഞു.

ആര്‍.ജെ.ഡി അധ്യക്ഷന്‍ തേജസ്വി യാദവ്, എന്‍.സി.പി അധ്യക്ഷന്‍ ഫറൂഖ് അബ്ദുളള സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, മുസ്‌ലിം ലീഗിന്റെ ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി,ഫോര്‍വേഡ് ബ്ലോക്കിന്റെ ദേബബ്രത ബിശ്വാസ്, ആര്‍.എസ്.പിയുടെ മനോജ് ഭട്ടാചാര്യ, സി.പി.ഐ.(എം.എല്‍) ലിബറേഷന്റെ ദീപങ്കര്‍ ഭട്ടാചാര്യ എന്നിവരും പ്രസ്താവനയില്‍ ഒപ്പിട്ടു.

 

Content HIghlights: Leaders of 13 Opposition parties express concern over recent communal violence, question PM Modi’s ‘silence’