തിരുവനന്തപുരം: തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നേതാക്കള്‍. നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി. തോമസെന്നും മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.ടി. തോമസിന്റേത് അപ്രതീക്ഷിത വിയോഗമാണെന്നും നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്നു പി.ടി. തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അര്‍ബുദ രോഗ ബാധിതനുമായിരുന്ന പി.ടി. തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വെച്ച് രാവിലെ 10.15 നായിരുന്നു മരിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 80 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി.
1996ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ ഉമാ തോമസ്. മക്കള്‍ വിഷ്ണു, വിവേക്.